സുൽത്താൻ ബത്തേരി: കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയിൽ ദൂരവ്യാപകവും അപരിഹാര്യവുമായ നാശമുണ്ടാക്കുമെന്നതിനാൽ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും കേരള ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ വി.എസ്.വിജയൻ ആവശ്യപ്പെട്ടു.

കെ റെയിൽ വിരുദ്ധ ജില്ലാ സമരസമിതിയുടെ രൂപീകരണ ഗൂഗിൾ മീറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 മീറ്റർ ഉയരത്തിൽ 293 കിലോമീറ്റർ നീളത്തിൽ ഉണ്ടാക്കുന്ന എംബാങ്ക്‌മെന്റ് നിർമ്മിക്കുമ്പോൾ നഷ്ടമാകുന്ന തണ്ണീർ തങ്ങളുടെ പരിസ്ഥിതി മൂല്യം അതിഭീമമാണ്.

കെ റെയിൽ മൂലം നശിക്കുന്ന തണ്ണീർതടങ്ങളുടെ പരിസ്ഥിതി മൂല്യം കണക്കാക്കിയാൽ പ്രതിവർഷം 28,714 ലക്ഷം കോടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്.രാജീവ് പ്രസംഗിച്ചു. എൻ.ബാദുഷ അദ്ധ്യക്ഷം വഹിച്ചു. നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പ്രഫ. കുസുമം ജോസഫ്, പക്ഷിനിരീക്ഷകൻ സുശാന്ത്, സൂപ്പി പള്ളിയാൽ, വർഗ്ഗീസ് വട്ടേക്കാട്ടിൽ, ബാബു മൈലമ്പാടി, ആനന്ദ് ബഷീർ ജോൺ, സുലോചനാ രാമകൃഷ്ണൻ, പി.കെ.ഭഗത്, സി.കെ.വിഷ്ണുദാസ്, കെ.വി.സദാനന്ദൻ, ശ്രീരാമൻ നൂൽപ്പുഴ എന്നിവർ പ്രസംഗിച്ചു. വി.കെ.പ്രകാശൻ ചെയർമാനും തോമസ് അമ്പലവയൽ കൺവീനറുമായി വയനാട് ജില്ലാ സമരസമിതി രൂപീകരിച്ചു.