 
കോഴിക്കോട്: ജില്ലാ ടി.ബി കേന്ദ്രത്തിൽ നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ട്യൂബർകുലോസിസ് എലിമിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ആരോഗ്യപ്രവർത്തകരെ മന്ത്രി ആദരിച്ചു. ഗെയിൽ ഇൻഡ്യാ ലിമിറ്റഡ് ജില്ലാ ടി.ബി കേന്ദ്രത്തിന് നൽകിയ മൊബൈൽ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനവും 'ആരോഗ്യ ചിന്ത' ഷോർട്ട് ഫിലിമിന്റെ പ്രകാശനവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ജനമൈത്രി പൊലീസ് ജില്ലാ ടി.ബി കേന്ദ്രത്തിന് നൽകിയ ഓക്‌സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ ടി.റെനീഷ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ്, ജില്ലാ ടി.ബി ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ.പി.പി.പ്രമോദ് കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, ഗെയിൽ ഇൻഡ്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഇ.കെ.രാജീവ് കുമാർ, വിജു എം.നായർ, ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ സുനിത, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി.രമേഷ് എന്നിവർ സംസാരിച്ചു.
2025 ഓടെ ക്ഷയരോഗം നിർമാർജ്ജനം ലക്ഷ്യം: ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് 2025 ഓടെ ക്ഷയരോഗം നിർമാർജ്ജനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ സംരക്ഷണ മേഖലയിൽ കേരളം നിശ്ചിത ലക്ഷ്യങ്ങൾ മുൻനിർത്തി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ക്ഷയരോഗം ഉൾപ്പെടെ നിർമാർജ്ജനം ചെയ്യുക, ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. പ്രമേഹരോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് പശ്ചാത്തലത്തിൽ ബോധവത്കരണ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.