കുന്ദമംഗലം: മഴനനയാതെ, അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറക്കമായിരുന്നു കാർത്ത്യായനി അമ്മയുടെ സ്വപ്നം. നിർദ്ധനയായ ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ യൂത്ത് ലീഗുകാരെത്തി, ഇനി ചോരാത്ത വീട്ടിൽ ഉറങ്ങാം കിനാവിൽ മധുരം നിറച്ച്. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കാർത്ത്യായനി അമ്മയ്ക്കും മകനും കൈമാറി. നിലവിളക്ക് തെളിയിച്ചായിരുന്നു ഗൃഹ പ്രവേശം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യാതിഥിയായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധിഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. യു.സി.രാമൻ, ഖാലിദ് കിളിമുണ്ട, ടി.മൊയ്‌തീൻ, കെ.എം.എ റഷീദ്, അരിയിൽ മൊയ്‌തീൻ ഹാജി, സി.അബ്‌ദുൾ ഗഫൂർ, ഐ.സൽമാൻ, അഡ്വ.ടി.പി.ജുനൈദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.കെ.ഷമീൽ സ്വാഗതവും ട്രഷറർ എം.വി.ബൈജു നന്ദിയും പറഞ്ഞു.