കോഴിക്കോട്: രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്ര ധനുഷിന്റെ ആദ്യ ഘട്ടം ജില്ലയിൽ ഫെബ്രുവരി 7 ന് ആരംഭിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ഒൺലൈനായി ചേർന്നു.
മൂന്ന് ഘട്ടങ്ങളായാണ് ജില്ലയിൽ മിഷൻ ഇന്ദ്ര ധനുഷ് നടപ്പിലാക്കുന്നത്. രണ്ടാംഘട്ടം മാർച്ച് 7 നും മൂന്നാം ഘട്ടം ഏപ്രിൽ 4 നും ആരംഭിക്കും. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഫീൽഡ് തലത്തിൽ നേരിട്ട് ചെന്നും കുത്തിവെപ്പുകൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ കുത്തിവെപ്പിൽ പിറകിലുള്ള വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ രണ്ട് വയസ്സിനു താഴെയുള്ള 18,924 കുഞ്ഞുങ്ങൾക്കും 945 ഗർഭിണികൾക്കും പ്രതിരോധകുത്തിവെപ്പുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ഉമ്മർ ഫാറൂഖ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻ ദാസ് ടി, ഡബ്ല്യു.എച്ച്.ഒ സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ് രാജഗോപാൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.