കുറ്റ്യാടി: അണക്കെട്ടിന്റെയും കനാലിന്റെയും നവീകരണ പ്രവൃത്തി നീളുന്നതിനാൽ കുടിവെള്ള വിതരണ സ്തംഭനം തുടരുന്നു.ഇതുമൂലം പഞ്ചായത്തിലെ പല ഭാഗങ്ങളും കനാൽ തുറക്കാത്തതു കാരണം രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണ്. പേരാമ്പ്ര, ചക്കിട്ടപാറ, കുതാളി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ ഒരു മാസത്തിലധികമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. നവീകരണ പ്രവൃത്തി പൂർത്തിയാക്കി കനാൽ തുറക്കാൻ ഇനിയും ഒരു മാസത്തോളം വേണ്ടി വരുമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചതായി വാട്ടർ അതോറിറ്റി വ്യക്തമാക്കി. ജലക്ഷാമം പരിഹരിക്കാൻ അതത് പഞ്ചായത്തുകൾ സ്വന്തം ചെലവിൽ ടാങ്കർ ലോറികൾ എത്തിച്ചാൽ ജപ്പാൻ പദ്ധതിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ശുദ്ധീകരണ ശാലയിൽ നിന്ന് വെള്ളം നൽകാമെന്നും വിതരണത്തിന് ആവശ്യമായ വെള്ളം കി ട്ടാത്തതാണ് മുടക്കത്തിന് കാരണമെന്നും വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.