wedding
wedding

കോഴിക്കോട്: മലയാളി പെൺകുട്ടികൾ മറുനാടൻ മരുമകളാകുന്നത് പഴങ്കഥ. എന്നാൽ പുതിയൊരു കഥയുണ്ട് മലയാളക്കരയിൽ. മറുനാട്ടിൽ മിന്നുകെട്ടാൻ പോകുന്ന യുവാക്കളാണ് നായകർ!. കെട്ടുപ്രായത്തിൽ പെണ്ണുകിട്ടാതെ യുവാക്കൾ കന്ന‌ഡ പെൺകൊടികളെ തേടുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, പെയിന്റർമാർ, ആശാരിപ്പണിക്കാർ, കൽപ്പണിക്കാർ, തട്ടാൻ ജോലി ചെയ്യുന്നവർ, ശാന്തിക്കാർ തുടങ്ങി സാധാരണക്കാരായ യുവാക്കളാണ് വധുവിനെ തേടി കർണാടകയിലേക്ക് പോകേണ്ടിവരുന്നത്.

വീട്ടുകാർ സമ്മതിച്ചാലും ഇവിടുത്തെ പെൺകുട്ടികൾ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരിഭവം. മാറിയ സാഹചര്യത്തിൽ പെൺകുട്ടികളെ നിർബന്ധിക്കാനും പറ്റില്ല. പെൺകുട്ടികളിൽ ഉന്നത വിദ്യാഭ്യാസം വ്യാപകമായതോടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും അവർ സെലക്ടീവാണ്. നേരത്തെ 20 വയസ് കഴിഞ്ഞാൽ പെൺകുട്ടികളുള്ള അച്ഛനമ്മമാർക്ക് ആധി തുടങ്ങും. ഇപ്പോഴതില്ല,​ കുട്ടികളുടെ ഇഷ്ടത്തിനാണ് മുൻതൂക്കം,​ ഇതോടെ വെട്ടിലായിരിക്കുന്നത് കേരളത്തിലെ നാടൻ ജോലി ചെയ്യുന്ന യുവാക്കളാണ്. സർക്കാർ ജീവനക്കാർ, ബാങ്കുകളിൽ ജോലി ചെയ്യുന്നവർ, ബി.ടെക്കുകാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരോടാണ് പെൺകുട്ടികൾക്ക് പ്രിയം.

കർണാടകയിലെ ഗുണ്ടൽപേട്ട് , കുടക്, വീരാജ്പേട്ട് , ഷിമോഗ എന്നിവങ്ങളിൽ നിന്നാണ് മലബാറിലെ യുവാക്കൾ പ്രധാനമായും വിവാഹം ചെയ്യുന്നത്. കുടുംബങ്ങളിലെ ദാരിദ്ര്യവും മറ്റും കാരണം പെൺകുട്ടികളെ കേരളത്തിലേക്ക് വിവാഹം ചെയ്തയക്കാൻ കന്നഡക്കാർ തയ്യാറാവുന്നുമുണ്ട്.

'സാധാരണക്കാരായ യുവാക്കൾക്ക് നാട്ടിൽ നിന്ന് വധുവിനെ ലഭിക്കാത്തതിനാൽ കർണാടകയിലേക്ക് പോകേണ്ട അവസ്ഥയാണ്. 24 വർഷമായി മാര്യേജ് ബ്യൂറോ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. അഞ്ച്- ആറ് വർഷമായി സ്ഥിതിയൊക്കെ ആകെ മാറി. പെൺകുട്ടികളെല്ലാം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവാണ് '.-

കെ.രവീന്ദ്രൻ,​ സംസ്ഥാന സെക്രട്ടറി ,​ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ.