കോഴിക്കോട് : ജില്ലയിലെ സ്‌കൂളുകൾ അത്യാധുനികമാക്കാൻ പുതിയ പ്രോജക്ടുമായി സമഗ്ര ശിക്ഷാ കേരളം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പ്രായോഗിക പഠനമാക്കാൻ കഴിയുന്ന ടിങ്കറിംഗ് ലാബുകൾ തുടങ്ങാനാണ് തീരുമാനം. ഒരു സ്‌കൂളിന് പത്ത് ലക്ഷം രൂപയാണ് ഇതിനായി അനുവദിക്കുന്നത്. ആർ.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം, എൻ.എൻ കക്കാട് സ്മാരക എച്ച്.എസ്.എസ് അവിടനല്ലൂർ, ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് മേപ്പയിൽ വടകര എന്നീ സ്‌കൂളുകളിൽ ഈ അധ്യയന വർഷം ടിങ്കറിംഗ് ലാബുകൾ ആരംഭിക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കിം പറഞ്ഞു.
സയൻസ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവർത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ ശാസ്ത്രാഭിരുചിയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ ലാബിലുണ്ടാകും. കൂടാതെ ത്രീഡി പ്രിന്റർ, സെൻസർ ടെക്‌നോളജി കിറ്റുകൾ, മിനിയേച്ചർ ഇലക്‌ട്രോണിക്‌സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുകയാണ് ലാബിന്റെ പ്രധാന ലക്ഷ്യം.