22% കിടക്കകളിൽ മാത്രം രോഗികൾ
808 ബെഡുകൾ ഒഴിവ്

കൽപ്പറ്റ: ജില്ലയിലെ കൊവിഡ് ആശുപത്രികളിലെയും മറ്റ് പരിചരണകേന്ദ്രങ്ങളിലേയും സംവിധാനങ്ങൾ സുസജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന പറഞ്ഞു. ആശങ്കയുടെ സാഹചര്യമില്ല. ആശുപത്രി കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നിവയെല്ലാം നിലവിലെ സാഹചര്യങ്ങൾ നേരിടാൻ പര്യാപ്തമാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനുളള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സജ്ജീകരണങ്ങൾ പൂർണമാകും.

ആശുപത്രികളിൽ കൊവിഡ് ചികിൽസയ്ക്കായി നീക്കിവെച്ച ബെഡുകളിൽ 22 ശതമാനത്തിൽ മാത്രമാണ്‌ രോഗികൾ ഉളളത്. ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് വിവിധ ആശുപത്രികളിലായി സജ്ജമാക്കിയിരുന്ന ആകെ 896 കിടക്കകളിൽ 197 എണ്ണത്തിൽ രോഗികളുണ്ട്. 699 ബെഡുകൾ ഒഴിഞ്ഞ് കിടക്കുന്നു. സി.എസ്.എൽ.ടി.സികളിൽ ഒരുക്കിയ കിടക്കകളിൽ 36.99 ശതമാനം മാത്രമാണ് ഉപയോഗത്തിലുളളതെന്നും 109 ബെഡുകൾ ഒഴിഞ്ഞുകിടക്കുന്നതായും ഡി.എം.ഒ പറഞ്ഞു. സി.എസ്.എൽ.ടി.സികളിൽ ഒഴിവുള്ള 109 ഉൾപ്പെടെ ആകെ 808 കിടക്കകൾ ഒഴിഞ്ഞ് കിടക്കുന്നു.

സി.എസ്.എൽ.ടി.സികളിലെ 173 ഉൾപ്പെടെ ആകെ 1069 ബെഡുകളാണ്‌ കൊവിഡ്‌ രോഗികൾക്കായി ജില്ലയിൽ മാറ്റിവച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ 277 ഉം സ്വകാര്യ ആശുപത്രികളിൽ 619 ഉം ബെഡുകളാണ് ആകെ സജ്ജീകരിച്ചത്. ആശുപത്രികളിലെ സാധാരണ ബെഡുകൾ 512, ഓക്സിജൻ ബെഡുകൾ 257, ഐ.സി.യു ബെഡുകൾ 127, വെന്റിലേറ്ററുകൾ 63, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ 37 എന്നിങ്ങനെയാണ് കണക്ക്. 26 ഐ.സി.യു കിടക്കകളിലും 5 വെന്റിലേറ്ററുകളിലും ഇപ്പോൾരോഗികളുണ്ട്. 44രോഗികൾക്കാണ് ഓക്സിജൻ സപ്പോർട്ട് നൽകുന്നത്.