കോഴിക്കോട് : ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച സൈനികൻ കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് സ്വദേശി സൈനികൻ നായിബ് സുബേദാർ ശ്രീജിത്തിന് രാജ്യം ശൗര്യചക്ര പുരസ്കാരം നൽകി ആദരിക്കുമ്പോൾ ധീരസൈനികന്റെ ജന്മനാട് അഭിമാനത്തിലാണ്. കൊവിഡ് മാനദണ്ഡം നിലവിലുണ്ടായിരുന്നിട്ടും നിരവധി ആളുകളായിരുന്നു അന്ത്യഞ്ജനി അർപ്പിക്കാൻ പടിഞ്ഞാറേത്തറയിലെ വീട്ടിൽ എത്തിയിരുന്നത്.കഴിഞ്ഞ വർഷം ജൂലായ് എട്ടിനാണ് രജൗരിയിലെ നിയന്ത്രണരേഖയിൽ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ശ്രീജിത്തിനൊപ്പം വീരമൃത്യു വരിച്ച സൈനികൻ എം. ജസ്വന്ത് റെഡ്ഢിക്കും ശൗര്യചക്ര നൽകി ആദരിക്കും.

ചെറുപ്പത്തിൽത്തന്നെ സൈനികനായി ജോലിയിൽ പ്രവേശിച്ച ശ്രീജിത്ത് നിരവധി ഓപ്പറേഷനുകളിൽ പങ്കാളിയായിട്ടുണ്ട്. പാർലമെന്റ് ഭീകരാക്രമണ സമയത്ത് ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭീകരവാദികളെ മികച്ചരീതിയിൽ ചെറുത്തതിന് ശ്രീജിത്തിന് രാഷ്ട്രപതിയിൽനിന്ന് പുരസ്‌കാരം ലഭിച്ചിരുന്നു. ന്യൂഡൽഹിയിൽ കുടുംബത്തോടൊപ്പമെത്തിയാണ് ശ്രീജിത്ത് അന്ന് പുരസ്‌കാരം സ്വീകരിച്ചത്. 23 സേനാമെഡലുകൾ ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ഷജിന, അച്ഛൻ വത്സൻ, അമ്മ ശോഭന, മക്കൾ: അതുൽജിത്ത്, തന്മയ ലക്ഷ്മി.