kunnamangalam-news
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ അങ്ങാടിയിൽ നാടൻ ചേന വിൽപ്പന നടത്തുന്നു

കുന്ദമംഗലം: സ്വന്തമായി നട്ടുവളർത്തിയ നാടൻ ചേന വിപണിയിലെത്തിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വോളണ്ടിയർമാരാണ് സ്കൂൾ വളപ്പിൽ കൃഷിചെയ്ത പതിനഞ്ച് കിന്റലോളം വരുന്ന നാടൻ ചേനയുടെ വിൽപ്പന നടത്തിയത്. സ്ക്കൂൾ വിട്ടതിനുശേഷം നടന്ന കച്ചവടം ആറ് മണിയായപ്പോഴേക്കും തീർന്നു. എൻ.എസ്.എസ് നടപ്പിലാക്കുന്ന ഭിന്നശേഷി കുട്ടികളുടെയും വയോജനങ്ങളുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾക്കു വേണ്ടിയാണ് ലാഭവിഹിതം പ്രയോജനപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.പി. കൃഷ്ണൻ പറഞ്ഞു. ചേനവിൽപ്പന കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. വി.അനിൽകുമാർ, കൗലത്ത്, ടി.ശിവാനന്ദൻ, പി ടി എ പ്രസിഡന്റ് ജയപ്രകാശൻ, രാജ്നാരായണൻ എന്നിവർ പ്രസംഗിച്ചു.