കോഴിക്കോട് : റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ ഒമ്പതു മണിയ്ക്ക് വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും റൂറൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. സിറ്റി ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ വി.ജയചന്ദ്രൻ പിള്ള പരേഡ് കമാന്ററും ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് സബ് ഇൻസ്‌പെക്ടർ മുരളീധരൻ സെക്കന്റ് കമാന്ററും ആയിരിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വേദിയിൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിലുടനീളം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിന് വിധേയമാക്കും.