
# പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയെ സമ്പൂർണ ശുചിത്വ നഗരസഭയായി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർഡുതലം മുതൽ വിവിധ മേഖലകളായി തിരിച്ചാണ് ശുചീകരണം നടന്നത്. ശുചിത്വ ഭവനം, ശുചിത്വ തെരുവ്, ജലാശയ ശുചീകരണത്തിന് തെളിനീർ , കടലോര മേഖലാ ശുചീകരണത്തിന് ശുചിത്വ തീരം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.
നഗരസഭ ആരോഗ്യവിഭാഗം, കുടുംബശ്രീ, ഹരിത കർമ്മസേന, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ, വിവിധ ക്ലബ്ബുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം.
നഗരസഭാ തലത്തിൽ ശുചിത്വവും നഗര സൗന്ദര്യവത്ക്കരണവും ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നഗരസഭ കൗൺസിൽ ഹാളിലാണ് പ്രഖ്യാപനം. പൊതു ജനങ്ങൾക്ക് നവമാദ്ധ്യമങ്ങളിലൂടെ പങ്കെടുക്കാം.