വടകര: കൂട്ടങ്ങാരം വഴി കുറിഞ്ഞാലിയോട് ഓർക്കാട്ടേരിപാറക്കടവ് റൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുരിക്കിലാട് യു.പി സ്‌കൂൾ പരിസരത്ത് മൂന്ന് കൽവർട്ടുകളുടെ നിർമ്മാണത്തിനായി റോഡ് ഗതാഗതം നിരോധിച്ചതിനെ തുടർന്നാണ് വർഷങ്ങളായി നടത്തുന്ന കെ.എസ്.ആർ.ടി.സി സർവീസ് താത്കാലികമായി നിറുത്തിവെച്ചത്. എന്നാൽ പണി പൂർത്തിയാക്കി ഗതാഗതത്തിനായി റോഡ് തുറന്ന് കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. ബസ്സ് കടന്നപോയിരുന്ന വിവിധ പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരും ഗ്രാമ സഭകളും പാസഞ്ചേഴ്സ് അസോസിയേഷനുകളും പലതവണയായി നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ബസ്സ് സർവ്വീസ് പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ചോറോട് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ, കോഓപറേറ്റീവ് ആർട്സ് കോളേജ്, മേഴ്സി ബി.എഡ് സെന്റർ, കുരിക്കിലാട് യു.പി സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും നിത്യേന ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ഗതാഗതം നിലച്ചതിനാൽ പൊതുജനങ്ങൾ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ നിർത്തിവെച്ച ബസ്സ് സർവ്വീസ് പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ കെ.എസ്.ആർടി.സി അധികൃതർ സ്വീകരിക്കണമെന്ന് ഓർക്കിഡ് റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. കവി ടി.ജി മയ്യന്നൂർ, ശശി നല്ലൂർ, ഭാസ്‌കരൻ മേപ്പയിൽ, സി.കെ. കരുണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ നാരായണൻ (പ്രസിഡന്റ്), ശ്രീജേഷ് നാഗപ്പള്ളി (വൈസ് പ്രസിഡന്റ്), വി വിനീത് കുമാർ(സെക്രട്ടറി), സിന്ധു സൽഗുണൻ ( ജോ. സെക്രട്ടറി), എം.പി അശോകൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു