പയ്യോളി : കാൽനൂറ്റാണ്ട് തരിശായി കിടന്ന തിക്കോടി പുറക്കാട് നടയകം പാടശേഖരത്തിൽ ഞാറ്റു പാട്ടിന്റെ ഈണമുയർന്നു. ജില്ലാപഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായാണ് തിക്കോടി ഗ്രാമപഞ്ചായത്തും പുറക്കാട് നടയകം പാടശേഖര സമിതിയും കൃഷി വകുപ്പുമായി ചേർന്ന് തിക്കോടി പഞ്ചായത്തിലെ നടയകം വയലുകളിൽ കൃഷിയിറക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഞാറുനട്ട് ഉദ്ഘാടനം ചെയ്തു.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ദുൽഖിഫർ, മേലടി ബ്ലോക്ക് വികസനകാര്യ സമിതി ചെയർമാൻ സുരേഷ് ചങ്ങാടത്ത് , തിക്കോടി പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ പ്രനില സത്യൻ, കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊടലൂർ രാജീവൻ, തിക്കോടി പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് തിക്കോടി, കുയ്യണ്ടി രാമചന്ദ്രൻ, വി.കെ.അബ്ദുൽ മജീദ്, ദിബിഷ, അനിത, എം കെ.പ്രേമൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, എം.കെ വാസു, കെ.കെ.ശ്രീധരൻ, കൃഷി ഓഫീസർ ഡോണ, ശ്രീജിത്ത് ബിജു എന്നിവർ പ്രസംഗിച്ചു.
ഉള്ളിയേരി കന്നൂരിലാണ് പാടത്തേക്ക് ആവശ്യമായ ഞാറ്റടി തയ്യാറാക്കിയത്. നിലമൊരുക്കാനും വരമ്പുകൾ നിർമ്മിക്കാനും തിക്കോടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ നേതൃത്വം നൽകി. വരും വർഷമാകുമ്പോഴേക്കും നടയകം വയലുകൾ പൂർണമായും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പാടശേഖരസമിതിയും, തിക്കോടി പഞ്ചായത്തും.