
മുക്കം: യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയിലൂടെ എൽ.ഡി.എഫിന് മുന്നേറ്റം. തിരുവമ്പാടി മണ്ഡലത്തിലാണ് വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ കുടുംബശ്രീ സി.ഡി.എസുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തത്. മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമാണ് കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളായി എൽ.ഡി.എഫ് പ്രതിനിധികൾ വിജയിച്ചത്. ഇതിൽ കോടഞ്ചേരി , തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫാണ്. മുക്കം നഗരസഭ സി. ഡി. എസ് ചെയർപേഴ്സണായി രജിതയും വൈസ് ചെയർപേഴ്സണായി സൈറാബാനുവും തിരഞ്ഞെടുക്കപ്പെട്ടു. കാരശ്ശേരിയിൽ എം.ദിവ്യ. സുബിത. കൊടിയത്തൂരിൽ ആബിത, ഷീന. തിരുവമ്പാടിയിൽ പ്രീതി രാജീവ്, ഷിജി ഷാജി. കോടഞ്ചേരിയിൽ നിഷ റെജി, വനജ. കൂടരഞ്ഞിയിൽ ശ്രീജ മോൾ, സോളി എന്നിവർ യാഥാക്രമം ചെയർപേഴ്സണും വൈസ് ചെയർപേഴ്സണുമായി തിരഞ്ഞെടുക്കപ്പെട്ടു.
കൊടിയത്തൂർ: കൊടിയത്തൂരിൽ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ അധികാരമേറ്റു. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എ.ആർ.ഒ ആയിരുന്ന ലിസി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ആബിദ കരിമ്പനക്കണ്ടി, വൈസ് പ്രസിഡന്റ് ഷീന ചേലോട്ടുപറമ്പ് തുടങ്ങിയവർ സംസാരിച്ചു. കൊടിയത്തൂർ ടൗണിൽ നടന്ന സ്വീകരണ യോഗത്തിൽ ജോണി ഇടശ്ശേരി, നാസർ കൊളായി, സി.ടി.സി അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. കരീം കൊടിയത്തൂർ, അയ്യൂബ്, രാജൻ അടുപ്പശ്ശേരി, മുകേഷ് കെ, ശിവൻ എന്നിവർ നേതൃത്വം നൽകി.