കോഴിക്കോട്: യുവജനങ്ങൾ മതനിരപേക്ഷതയുടെ കാവലാളുകളാവണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. അതു തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. മതസാഹോദര്യം പുലരേണ്ടത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്.
ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമോ ജനാധിപത്യമോ പൊടുന്നനെ ഒരു ദിവസം ഉണ്ടായതല്ല. ശ്രീ നാരായണ ഗുരുവിനെപ്പോലെയുള്ള മഹാന്മാരായ സാമൂഹ്യ പരിഷ്‌കർത്താക്കളും സ്വാതന്ത്യ സമര ഭടന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ചവരുമെല്ലാം ചേർന്നാണ് ഈ നാടിനെ രൂപപ്പെടുത്തിയത്. മന്ത്രി പറഞ്ഞു.
കൊവിഡ് കാരണം മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിലെയും റൂറൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പരേഡിൽ അണി നിരന്നത്. സിറ്റി ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ വി.ജയചന്ദ്രൻ പിള്ളയായിരുന്നു പരേഡ് കമാന്റർ. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്‌പെക്ടർ മുരളീധരൻ സെക്കന്റ് കമാന്റർ ആയിരുന്നു.
എം.കെ.രാഘവൻ എം പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എം.സച്ചിൻ ദേവ്, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പൊലീസ് മേധാവിമാരായ എ.വി.ജോർജ്ജ്, ഡോ.എ.ശ്രീനിവാസ്, സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ മുകുന്ദ് കുമാർ, വിവിധ വകുപ്പ് മേധാവിമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.