townhall
തിരക്കൊഴിഞ്ഞ ടൗൺ ഹാൾ റോഡ്

കോഴിക്കോട്: കൊവിഡ് മൂന്നാംതരംഗം ആഞ്ഞടിച്ചതോടെ നഗരം ജാഗ്രതയിൽ. കഴിഞ്ഞ ഒരാഴ്ചവരെ ആളുകൾ തിങ്ങി നിറഞ്ഞ ഇടങ്ങളിലെല്ലാം തിരക്കൊഴിഞ്ഞു. കച്ചവട സ്ഥാപനങ്ങളിലും ബസുകളിലും മാളുകളിലുമെല്ലാം ജനം മാസ്കിട്ട് അകലം പാലിച്ച് കരുതലോടെയാണ്. ബാറുകളിലും പഴയപോലെ തിരക്കില്ല. എന്നാൽ ബീവറേജസിലെ വിറ്റുവരവ് കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്. വീണ്ടുമൊരു ലോക്ക്ഡൗൺ മുന്നിൽകണ്ട് പ്രാദേശിക വിൽപ്പനക്കാർ വലിയ തോതിൽ മദ്യം വാങ്ങുന്നതാണ് ബീവറേജസിലെ വിൽപ്പന കൂടാൻ കാരണമെന്ന് അധികൃതർ പറയുന്നു. തീയേറ്ററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും റിലീസ് സിനിമകൾക്ക് പോലും സാമൂഹ്യ അകലം പാലിച്ചാണ് സീറ്റുകൾ.
പൊതുപരിപാടികൾ നിലച്ചത് നഗരത്തിലേക്കുള്ള ആളുകളുടെ വരവ് ഗണ്യമായി കുറച്ചു. പതിവായി പരിപാടികൾ നടക്കാറുള്ള ടൗൺഹാളും എസ്.കെ.ഹാളും, കെ.പി.കേശവമേനോൻ ഹാളും അടഞ്ഞ നിലയിലാണ്. പുതിയ പരിപാടികൾക്ക് ബുക്കിംഗുമില്ല. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ, പൊതുപരിപാടികൾ, കെ.റെയിൽ വിരുദ്ധ സമരം എന്നിവയെല്ലാം നിർത്തിവെച്ചതോടെ നഗരത്തിലെത്തുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. ബീച്ചിൽ കടുത്ത നിയന്ത്രണമുള്ളതിനാൽ സഞ്ചാരികൾ നന്നേ കുറവാണ്. മിഠായിത്തെരുവിലും തള്ളിക്കയറ്റം കുറഞ്ഞു. പാളയത്തും വലിയങ്ങാടിയിലും ആളുകളെത്തുന്നുണ്ടെങ്കിലും വലിയ തിരക്കില്ല. ചരക്കുകൾ സാധാരണപോലെ എത്തുന്നതിനാലാണ് പാളയവും വലിയങ്ങാടിയും ചലിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകൾ മാത്രമായി സ്‌കൂളുകൾ ചുരുങ്ങിയതോടെ കുട്ടികളുടെ തിരക്കും കുറഞ്ഞിട്ടുണ്ട്.