കൽപ്പറ്റ: കായിക വകുപ്പിനു കീഴിൽ കൽപ്പറ്റയിൽ നിർമ്മാണം പുരോഗമിക്കുന്ന അമ്പിലേരിയിലെ ഓംകാരനാഥൻ ഇൻഡോർ സ്‌റ്റേഡിയം, മരവയലിലെ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്‌റ്റേഡിയം എന്നിവ മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് കായിക വകുപ്പു മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. രണ്ടു സ്റ്റേഡിയങ്ങളും മന്ത്രി സന്ദർശിച്ചു.

കൊവിഡ് സാഹചര്യമാണ് ജോലികൾ വൈകാൻ കാരണം. കൽപ്പറ്റ ഒരു കായിക ഹബ്ബാവാൻ പോവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌റ്റേഡിയങ്ങൾ നിർിമ്മക്കുന്നത്. വിദേശ ക്ലബ്ബുകളുടെ എക്സിബിഷൻ മാച്ചുകൾ ഉൾപ്പെടെ ഇവിടെ നടത്താനാവും. കായിക താരങ്ങൾക്ക് താമസിച്ച് പരിശീലനം നേടുന്നതിനുള്ള സൗകര്യങ്ങൾ രണ്ട് സ്റ്റേഡിയങ്ങളിലുമുണ്ട്.

എം.എൽ.എമാരായ ടി.സിദ്ദിഖ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് സലീം കടവൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

(ഫോട്ടോ)

അമ്പിലേരിയിലെ ഓംകാരനാഥൻ ഇൻഡോർ സ്‌റ്റേഡിയം മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിക്കുന്നു