കൽപ്പറ്റ: 18.250 ഹെക്ടർ വനഭൂമി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാൻ വനം വകുപ്പ് തീരുമാനിച്ചതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു.
200 കോടിയിലധികം രൂപ മാർക്കറ്റ് വിലയുള്ളതും കൽപ്പറ്റ നഗരത്തോട് ചേർന്ന് കിടക്കുന്നതുമായ 18.250 ഹെക്ടർ ഭൂമിയാണ് എസ്റ്റേറ്റിന് വിട്ടുകൊടുക്കുന്നത്. സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ഭൂമി വിട്ടുകൊടുക്കാൻ മഹസ്സർ തയ്യാറാക്കി ഡി.എഫ്.ഒ ക്ക് നൽകിക്കഴിഞ്ഞതായി സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉടമയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സർക്കാറിനാണെന്നും കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിയുണ്ട്. അത്തരം ഭൂമികൾ വീണ്ടെടുക്കാൻ കേരള സർക്കാർ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ എസ്റ്റേറ്റും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പ്രസ്തുത 18.250 ഹെക്ടർ ഭൂമി 1981 ൽ കൽപ്പറ്റ കോഫി ഗവേഷണകേന്ദ്രത്തിന് സർക്കാർ വിട്ടുകൊടുത്തെങ്കിലും ഭൂമി കൈമാറിയില്ല. ഈ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തിട്ടുമില്ല.
1971 ലെ കേരള പ്രൈവറ്റ്‌ഫോറസ്റ്റ് ആക്ട് പ്രകാരം ഭൂമിവിട്ടു കൊടുകൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടം നിലവിലുണ്ട്.
വനം വകുപ്പിന്റെ ഉന്നത സ്ഥാനത്തുള്ളവർ തൊട്ട് താഴെത്തട്ടിലുള്ളവർ വരെ പങ്കാളികളായ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അതിവേഗത്തിലാണ് ഭൂമി കൈമാറ്റ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും സമിതി ആരോപിച്ചു.
വനഭൂമി സ്വകാര്യതോട്ടമുടമയ്ക്ക് കൈമാറിയാൽ ശക്തമായി ചെറുക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും
ഭാരവാഹികളായ എൻ.ബാദുഷ, തോമസ്സ് അമ്പലവയൽ, ബഷീർ ആനന്ദ്‌ജേ എന്നിവർ പറഞ്ഞു.