
കോഴിക്കോട്: നോളേജ് സിറ്റിക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയ സംഘമാണെന്ന ഡോ.എ.പി അബ്ദുൾ ഹക്കീം അസ്ഹരിയുടെ ആരോപണം വേദനാജനകമെന്ന് ഭൂ ഉടമകൾ.
തങ്ങളുടെ മുൻഗാമിയായ പലകുന്നത്ത് കൊളായി തറവാട്ടിലെ ചാത്തുനായർ 1904ൽ റിച്ചൽമെൻ എന്നയാൾക്ക് ലീസിന് നൽകിയ ഭൂമിയാണിത്.1948ൽ ലീസ് അവകാശം അവസാനിപ്പിച്ച് കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിക്ക് ലീസിന് നൽകി. ഇദേഹം ഞങ്ങളുടെ മുൻഗാമികൾക്ക് പാട്ടം നൽകി വരികയായിരുന്നു. ലീസ് കാലാവധി അവസാനിച്ചിട്ടും എസ്റ്റേറ്റ് തിരികെ നൽകാത്തതിനാൽ കോഴിക്കോട് സബ് കോടതിയിൽ കേസ് നൽകി. കേസ് കൊടുക്കുന്ന സമയത്ത് നോളജ് സിറ്റിക്ക് ഭൂമി ഉണ്ടായിരുന്നില്ല. തർക്ക ഭൂമിയാണെന്ന് അറിഞ്ഞുതന്നെയാണ് അവർ ഭൂമി വാങ്ങിയതെന്നും ഭൂ ഉടമകൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വെസ്റ്റ്ഹിൽ ആനന്ദ ഭവനത്തിൽ കെ.രാധാകൃഷ്ണൻ, കോട്ടാംപറമ്പ് കെ.ബാബു, കോട്ടാംപറമ്പ് കൈലാസത്തിൽ കെ.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.