kozhikkodu-blast

കോഴിക്കോട്: എൻ.ഐ.എ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടപ്പോൾ സംഭവത്തിലെ ദുരൂഹത ബാക്കി.

ഒൻപതു പേരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. രണ്ടു പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ നേരത്തെ വെറുതെ വിട്ടിരുന്നു. ഒരാളെ മാപ്പുസാക്ഷിയാക്കി. ഒരാൾ വിചാരണക്കാലയളവിൽ മരിച്ചു. ഒരു പ്രതിയുടെ വിചാരണ ശേഷിക്കുന്നുമുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു 2006 മാർച്ച് 3ന് ഉച്ചയ്ക്ക് 12.45ന് ആദ്യസ്‌ഫോടനം. പിന്നാലെ 1.05ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തും സ്‌ഫോടനമുണ്ടായി. രണ്ടു പേർക്ക് ചെറിയ പരിക്കേറ്റതൊഴിച്ചാൽ വലിയ അപകടമൊന്നുമുണ്ടായില്ല. ഇസ്ലാം മതവിശ്വാസികൾ പള്ളിയിൽ പോകുന്നത് കണക്കാക്കിയാണ് വെള്ളിയാഴ്ച ഉച്ചസമയം സ്‌ഫോടനത്തിന് തിരഞ്ഞെടുത്തതെന്നായിരുന്നു എൻ.ഐ.എ യുടെ കണ്ടെത്തൽ. രണ്ടാം മാറാട് കലാപത്തിൽ പ്രതികളാക്കപ്പെട്ടവർക്ക് ജാമ്യം നിഷേധിച്ചതിലുള്ള പ്രതികാരമെന്ന നിലയിലായിരുന്നു സ്‌ഫോടനമെന്നും കണ്ടെത്തി.

കേസിൽ നേരത്തെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ട ഹാലിമിന്റെ മൊഴിയായിരുന്നു നിർണായകം. ഇരട്ടസ്‌ഫോടനക്കേസിനു പിന്നിൽ പ്രവർത്തിച്ചത് തടിയന്റവിട നസീറും സംഘവുമാണെന്ന് വെളിപ്പെടുത്തുന്നത് ഹാലിമാണ്. ഇതിനായി ഏറണാകുളത്ത് നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ നസീർ കണ്ണൂരിലെത്തിച്ചതായും പിന്നീട് 2005 ഡിസംബറിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സൂക്ഷിച്ചെന്നും ഹാലിം വെളിപ്പെടുത്തിയിരുന്നു. മാപ്പുസാക്ഷിയാക്കപെട്ട ഷമ്മി ഫിറോസിന്റെ മൊഴിയും നിർണായകമായി. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

 തടിയന്റവിട നസീർ

മലയാളി യുവാക്കളെ തീവ്രവാദ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്തതടക്കം നിരവധി തീവ്രവാദ, ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൂർ നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിട നസീർ. ലഷ്‌കർ ഇ തോയ്‌ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇയാളെന്നായിരുന്നു എൻ.ഐ.എ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ പി.ഡി.പി യുടെ കണ്ണൂർ ഏരിയ ഭാരവാഹിയായിരുന്നു.

കാശ്മീർ റിക്രൂട്ട്‌മെന്റ് കേസിനു പുറമെ 2008-ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസ്, ഇ.കെ.നായനാർ വധശ്രമക്കേസ്, കാച്ചപ്പള്ളി ജുവലറി കവർച്ച, മഅ്ദനിയെ മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങിയവയാണ് മറ്റുള്ളവ. ബംഗളൂരു കേസിൽ അറസ്റ്റിലായതിനു ശേഷമാണ് എൻ.ഐ.എ കോഴിക്കോട് സ്‌ഫോടനക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയത്. നിലവിൽ കാശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ നസീറിന് ജീവപര്യന്തം തടവുണ്ട്. ബംഗളൂരു സ്‌ഫോടനക്കേസും കളമശേരി ബസ്‌ കത്തിക്കൽ കേസും വിചാരണയിലാണ്.