vaccine

@ ജില്ലയിലെ ഗവ.ആശുപത്രികളിൽ സൗജന്യമായി ലഭ്യമാകും

കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ റാബിസ് വാക്‌സിൻ ക്ഷാമം പരിഹരിച്ചു. നഗരത്തിന് പുറത്തെ ആശുപത്രികളിൽ വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.

സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവ.മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ റാബീസ് വാക്‌സിൻ ലഭ്യമാണ്. ഇവ രോഗികൾക്ക് സൗജന്യമായി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ 360 രൂപയാണ് വാക്‌സിന് ഈടാക്കിയിരുന്നത്. കൂടാതെ ചികിത്സാ ചെലവ് വേറെയും. മൂന്നു തവണ ആന്റി റാബീസ് വാക്‌സിൻ എടുക്കുകയും വേണം. കൊവിഡ് സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ആളുകൾ നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് വർദ്ധിച്ചിരുന്നു.

വൈറസ് ബാധിച്ച നായ, പൂച്ച, കുറുക്കൻ, ചെന്നായ, കീരി, മറ്റു വന്യമൃഗങ്ങൾ തുടങ്ങിയവയുടെ കടിയോ മാന്തലോ ഏൽക്കുമ്പോഴോ അവയുടെ ഉമിനീർ ശരീരത്തിലെ മുറിവുകളിൽ പുരളുകയോ ചെയ്യുമ്പോഴാണ് റാബീസ് മനുഷ്യ ശരീരത്തിൽ കയറുന്നത്. നാഡീ വ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിക്കുന്ന റാബീസ് വൈറസുകളെ അടിയന്തര ചികിത്സയും കൃത്യമായ ഇടവേളകളിലുള്ള പ്രതിരോധ കുത്തിവെപ്പുകളും വഴി പ്രതിരോധിക്കാനും മരണത്തിൽ നിന്ന് രക്ഷിക്കാനും കഴിയും. റാബീസ് വാക്‌സിൻ, ഇമ്മ്യൂണോ ഗ്ളോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.