ചേളന്നൂർ: പട്ടർ പാലം ചിറക്കുഴി പോഴിക്കാവ് പള്ളിവേട്ട കുന്നിന്റെ പരിധിയിലുള്ള നെടൂളി മീത്തൽ മലയിൽ ഖനനത്തിടെ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ 6 മണിക്ക് മണ്ണ് അശാസ്ത്രീയമായി തുരന്നെടുക്കുന്നതിനിടെയാണ് സംഭവം. ജെ.സി.ബി ടിപ്പർ ലോറിയും ഉൾപ്പെടെ മണ്ണിനടിയിലായി. ഡ്രൈവർ നെടൂളിപറമ്പത്ത് മീത്തൽ പ്രബീഷ് ലോറിക്കു പുറത്തു അൽപ്പം അകലെയായതുകൊണ്ടാണ് ജീവാപായം ഒഴിവായത്. മണ്ണിനടിയിൽപ്പെട്ട് സാരമായി പരുക്കേറ്റ പ്രബീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരു പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കഴിഞ്ഞ മൂന്ന് നാല് വർഷത്തോളമായി ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 3 കി.മി.ദൂരം മലപൂർണ്ണമായും മണ്ണെടുത്തു കഴിഞ്ഞതായും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും പരാതിയുണ്ട്. ഖനനം മൂലം രാജീവ് ഗാന്ധി കോളനി ഉൾപ്പെടെയുള്ള പ്രദേശത്ത് കുടിവെള്ള സ്രോതസുകൾ വറ്റിവരണ്ടതായും നാട്ടുകാർ പറയുന്നു. ഉത്തരവാദികളായവർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണമെന്നും നെടൂളി മല സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും പ്രകൃതിസംരക്ഷണ വേദി ജില്ലാ കൺവീനർ സുബീഷ് ഇല്ലത്ത് ആവശ്യപ്പെട്ടു.