കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സമീപത്തൂടെ 500 ലിറ്റർ വെള്ളമടങ്ങിയ ടാങ്ക് കൈവണ്ടിയിൽ വലിച്ചുകൊണ്ടുപോവുകയാണ് രണ്ടുപേർ. ഇടയ്ക്കിടെ വേച്ചുപോകുന്നുണ്ട്. പക്ഷെ, തളർന്നുനിന്നാൽ ജീവിതത്തിന്റെ വരൾച്ച അറിയും. ദയാനന്ദനും വിജയനും കിതച്ചങ്ങനെ നീങ്ങുകയാണ്, ജീവിത പച്ചപ്പിനായി. 40 വർഷം പിന്നിട്ടു ഇവരുടെ ജീവിത യാത്രയ്ക്ക്. കുടിവെള്ളം നഗരത്തിന് കിട്ടാക്കനിയായിരുന്ന കാലത്ത് തുടങ്ങിയതാണ്. ആധുനിക സൗകര്യങ്ങളെല്ലാം വന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനാണ് ഈ പെടാപ്പാട്.
മാനാഞ്ചിറയിൽ നിന്നാണ് വെള്ളം സംഭരിക്കുന്നത്. അതിന് പണം വേണ്ട. എന്നാൽ വലിയ ടാങ്കിൽനിറച്ച വെള്ളം വലിച്ച് കൊണ്ടുനടക്കണം. ആവശ്യക്കാരിപ്പോൾ പെട്ടിക്കടക്കാരും അല്ലറചില്ലറ ഒറ്റമുറി ഓഫീസുകാരും. പലപ്പോഴും ഓഫീസുകൾ രണ്ടുംമൂന്നും നിലകളിൽ. അവിടേക്ക് 15ലിറ്ററിന്റെ പാത്രത്തിൽ നിറച്ച വെള്ളം തലച്ചുമടായി കയറ്റണം. രണ്ടുപേർക്കും പ്രായം അറുപതിന് മുകളിൽ. എന്നിട്ടും രാവിലെ ആറുമുതൽ തുടങ്ങുന്ന ജോലി പലപ്പോഴും വൈകും വരെ നീളും.
' പണ്ടൊക്കെ നല്ല ജോലിയുണ്ടായിരുന്നു, ഇഷ്ടംപോലെ ആവശ്യക്കാർ. ഇന്നത്തെപ്പോലെ കോർപ്പറേഷൻ പൈപ്പുകളും ജപ്പാൻ കുടിവെള്ളവുമൊന്നുമില്ല, ഇപ്പോൾ ആവശ്യക്കാർ വളരെക്കുറവ്. ദിവസം മുഴുവൻ വലിച്ചാലും പത്തോ ഇരുനൂറോ കിട്ടും...കൊവിഡ് വന്നതോടെ കഷ്ടമാണ് കാര്യങ്ങൾ..' ദയാനന്ദൻ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നിന്ന് കുടിയേറിയതാണ് ദയാനന്ദൻ. ഇപ്പോൾ താമസം മാവൂരിൽ. ശരിക്കുമൊരു കോഴിക്കോട്ടുകാരൻ. തമിഴുപോലും മറന്നുപോയി.
പതിനഞ്ച് ലിറ്റർ വെള്ളം എത്ര ഉയരത്തിലുള്ള ആവശ്യക്കാരനെത്തിച്ചാലും കിട്ടുക 15രൂപ. അപ്പോൾ എത്രവലിക്കേണ്ടിവരുമെന്ന അവരുടെ ചോദ്യത്തിന് ആർക്കും മറുപടിയില്ല. ഇപ്പോൾ വിജയന്റേയും ദയാനന്ദന്റേയുമടക്കം വെള്ളം വലിക്കുന്ന വണ്ടികൾ നഗരത്തിൽ മൂന്നേ മൂന്ന്. ഈ ജോലിയെടുക്കുന്നത് നാലുപേരും. 50വണ്ടികളും നൂറോളം പേരും ഒരുകാലത്ത് നഗരത്തിൽ വെള്ളം വലിച്ച് വിറ്റിരുന്നു. അന്നൊക്കെ കൊടുത്താൽ തീരാത്തത്രയും ആളുകളുണ്ടായിരുന്നു. യൂണിയനുകളിലും അംഗത്വം. ഇപ്പോൾ സംഘടിത ശക്തിയില്ല. ആരും പരിഗണിക്കുന്നുമില്ല. ഷേമനിധി പെൻഷൻ പോലുമില്ലെന്ന് ഇവർ പറയുമ്പോൾ സങ്കടക്കടലിന്റെ ആഴം ചെറുതല്ല. ഫറോഖ് സ്വദേശിയാണ് വിജയൻ. കുട്ടിയും കുടുംബവുമടങ്ങുന്ന വീടിന്റെ ഏക അത്താണി.