കോഴിക്കോട്: ദേശീയപാത ബൈപാസ് ആറുവരി പാതയാക്കുന്നതിന്റെ മറവിൽ തണ്ണീർതടം മണ്ണിട്ട് നികത്താൻ നീക്കം തുടർന്നതോടെ നാട്ടുകാർ സംഘടിച്ച് തടഞ്ഞു.
സ്വകാര്യ ഭൂഉടമയുടെ സ്ഥലത്ത് അർദ്ധരാത്രി ലോഡ് കണക്കിന് മണ്ണിറക്കി വയൽ നികത്താനായിരുന്നു ശ്രമം. പരിസരവാസികളും പ്രദേശത്തെ വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും എത്തിയാണ് ഇത് ചെറുത്തത്. മലാപ്പറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിൽ - ചേവരമ്പലം ഭാഗത്താണ് സംഭവം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി തുടങ്ങി എല്ലാ പ്രധാന കക്ഷികളും ഈ ഭാഗത്ത് കൊടി നാട്ടിയിരിക്കുകയാണ്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നേരത്തെ ഏറ്റെടുത്ത സ്ഥലത്ത് കരാർ കമ്പനി മണ്ണിട്ട് നികത്തിവരികയാണ്. അതിന്റെ മറവിലാണ് കരാറുകാരെ സ്വാധീനിച്ച് സ്വകാര്യഭൂമിയായ തണ്ണീർത്തടം നികത്താൻ ശ്രമം നടന്നത്. സംഭവത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് കളക്ടർക്കും തഹസിൽദാർക്കുമെല്ലാം രാഷ്ട്രീയപാർട്ടികൾ പരാതി നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു.
നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് മണ്ണിട്ട് നികത്തെലെന്ന് സി.പി.എം ചേവായൂർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. നികത്തിയ മണ്ണ് എടുത്തു നീക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
കരാരുകാരും സ്വകാര്യ ഭൂഉടമയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് മണ്ണിടൽ നടന്നതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് ആക്ഷേപിച്ചു. ഏക്കർ കണക്കിനു ഭൂമി ഇവിടെ തണ്ണീർത്തടമായുണ്ട്. ദേശീയ പാതയ്ക്കൊപ്പം ഇവിടം നികത്തിക്കിട്ടിയാൽ വൻവിലയ്ക്ക് കച്ചവടമുറപ്പിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ പ്രളയകാലത്തു തന്നെ ഈ പ്രദേശം വെള്ളത്തിലായിരുന്നു. മണ്ണിട്ടുനികത്തൽ കൂടിയായാൽ ചേവരമ്പലം, കോട്ടൂളി, സിവിൽ സ്റ്റേഷൻ പരിസരങ്ങൾ പോലും വെള്ളത്തിൽ മുങ്ങും. ഒരു തരത്തിലും ഇത് അനുവദിക്കില്ല. എത്രയും പെട്ടെന്ന് മണ്ണ് നീക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും പ്രശാന്ത് പറഞ്ഞു.