kunnamangalam-news
തുരുമ്പിച്ച ട്രാക്ടർ കാടുകയറിയ നിലയിൽ

കുന്ദമംഗലം: ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാറ്റിവെച്ച സ്ഥലത്ത് കാടുകയറിയ നിലയിൽ നാലുചക്രക്കാരൻ ഒരേ നില്പാണ്. എടുത്തു മാറ്റിക്കൂടേ ഈ സ്ഥലംമുടക്കിയെ എന്നു കാണുന്നവരൊക്കെയും അരിശത്തോടെ ചോദിക്കുമ്പോഴും തീരുമാനമെടുക്കേണ്ടവർക്കും അനക്കമില്ല.

വാഹന പാർക്കിംഗിന് ഒട്ടും സ്ഥലമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയാണ് കുന്ദമംഗലം അങ്ങാടിയിലെത്തുന്നവർക്ക്. തുരുമ്പെടുത്ത ഈ ട്രാക്ടർ മാറ്റിയാൽ തന്നെ കുറേ വണ്ടികൾക്ക് സ്ഥലം കിട്ടുമല്ലോ എന്നു ആരും ചോദിച്ചുപോകും.

ഇരുചക്രവാഹന പാർക്കിംഗ് എന്നു വിസ്തരിച്ച് ബോർഡ് വെച്ചിട്ടുണ്ട്. എവിടെ വണ്ടിവെക്കുമെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിലുള്ള സർക്കാർ ഭൂമിയിലാണ് ട്രാക്ടർ കാടുമൂടിയ നിലയിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് കാർഷികമേഖലയിൽ ഉപയോഗപ്പെടുത്താനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ട്രാക്ടർ വാങ്ങിയതാണ്. കുറച്ചുകാലം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതായതോടെ ട്രാക്ടർ കട്ടപ്പുറത്തായി. പിന്നീട് മാറി മാറി മുന്നണികൾ പഞ്ചായത്ത് ഭരിച്ചെങ്കിലും ട്രാക്ടറിന്റെ കാര്യം ആരും ഗൗനിച്ചില്ല.

വർഷങ്ങളോളം പഞ്ചായത്ത് ഓഫീസ് വളപ്പിനുള്ളിലായിരുന്നു ട്രാക്ടർ. ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ ട്രാക്ടർ വളപ്പിന് പുറത്തായി. ഇപ്പോൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ സ്ഥലം മുടക്കിയായി അങ്ങനെ കിടക്കുകയാണ്.

ഈ ഓഫീസിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാനും സ്ഥലമില്ലാതായി. ട്രാക്ടർ ലേലം ചെയ്ത് സ്ഥലം വൃത്തിയാക്കിയാൽ കുറച്ച് വാഹനങ്ങൾക്കെങ്കിലും പഴുതാവും. ബ്ലോക്ക് പ‌ഞ്ചായത്ത് സമീപത്തായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ നിറുത്തിയിടുന്നത്. കോംപ്ലക്സിലെ കടമുറികൾ ലേലം ചെയ്തുകഴിഞ്ഞു. കടകൾ തുറന്നാൽ പിന്നെ ഇരുചക്രവാഹനങ്ങൾക്ക് ഈ ഭാഗത്തേക്കും വിലക്കാവും.