കുറ്റ്യാടി: നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കാൻ സർക്കാർ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപിച്ചപ്പോൾ തത്കാലം രക്ഷയെന്നു കരുതിയ കർഷകർക്ക് തെറ്റി. സംഭരണപ്രക്രിയ ഇപ്പോഴും യാത്രാവഴിയിലാണ്. വേങ്ങേരിയിലെ കാർഷിക വിപണന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം സംഭരണം തുടങ്ങിയെന്നല്ലാതെ പ്രാദേശികതലത്തിൽ പ്രഖ്യാപനം പാഴ്‌വാക്കായി മാറിയ അവസ്ഥയായി.
ഇതരസംസ്ഥാനങ്ങളിലേക്കുള്ള നാളികേര കയറ്റുമതി നിലച്ചതോടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു ജനുവരി 5 ന് പച്ചത്തേങ്ങ സംഭരണം തുടങ്ങുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനം. പൊതുവിപണിയിൽ 27 രൂപയിലേക്ക് എത്തിയ പച്ചത്തേങ്ങ 32 രൂപ നിരക്കിൽ കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതിയിലുള്ള പഞ്ചായത്ത്തല സമിതികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയിലൂടെ സംഭരിക്കാനായിരുന്നു തീരുമാനം. ഇങ്ങനെ താങ്ങുവിലയിൽ സംഭരിക്കുന്നതോടെ പൊതുവിപണിയിൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കേര കർഷകർ. അതാതിടത്തെ കൃഷി ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നാളികേരം തൂക്കി വാങ്ങുമെന്നും കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ പണം കൈമാറുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, ഈ പറഞ്ഞതൊന്നും ഒരു കൃഷിഭവന്റെയും പരിധിയിൽ നടക്കുന്നില്ല. കുറ്റ്യാടി ഭാഗത്തെയും കാവിലുംപാറ, കായക്കൊടി, മരുതോങ്കര, വേളം പ്രദേശങ്ങളിലെയും ആയിരക്കണക്കിന് കർഷകരാണ് തീരാത്ത ആശങ്കയിൽ നീറിക്കഴിയുന്നത്.
സർക്കാർ തീരുമാനമനുസരിച്ച് പ്രാദേശികതലത്തിൽ എവിടെയും സഹകരണ സംഘങ്ങളിൽ സംഭരണം തുടങ്ങിയിട്ടില്ല. ഇതുവരെ മുകളിൽ നിന്നു ഉത്തരവ് വന്നില്ലെന്നാണ് നിരന്തരം അന്വേഷിക്കുമ്പോഴും കിട്ടുന്ന മറുപടി.
വേങ്ങേരിയിലെ കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ നാളികേരം ശേഖരിക്കുന്നത് നാളികേര വികസന കോർപ്പറേഷന്റെ കൂടി സഹകരണത്തോടെയാണ്. കുറ്റ്യാടി മേഖലയിൽ നിന്നും മറ്റും കർഷകർക്ക് ഇവിടേക്ക് പച്ചത്തേങ്ങ എത്തിക്കാൻ വഴിച്ചെലവ് തന്നെ വലിയ തുക വേണ്ടി വരും. ചെറുകിട കർഷകർക്ക് ആലോചിക്കാൻ കഴിയുന്നതല്ല ഇത്.
വടകര താലൂക്കിൽ മാത്രം ഏതാണ്ട് ഒരു ലക്ഷത്തിലധികം കേരകർഷകരുണ്ട്. തേങ്ങ ഒന്നിന്ന് ഒരു രൂപ കുറഞ്ഞാൽ പോലും കോടികളുടെ നഷ്ടമാണ് ഈ രംഗത്ത് വന്നുപെടുക. മാസം തോറും ശരാശരി രണ്ടു കോടി ലിറ്റർ വെളിച്ചണ്ണ കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതുപ്രകാരം 240 കോടി രൂപ സർക്കാർ ഖജനാവിലെത്തുമ്പോഴും കേരകർഷകർക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. 5 ശതമാനം ജി.എസ്.ടി മുഖേന ലഭിക്കുന്ന തുക സർക്കാർ കർഷകർക്ക് ലഭ്യമാക്കുമെന്ന മുൻ സർക്കാരിന്റെ കാലത്തെ തീരുമാനം ഇപ്പോൾ മറന്ന മട്ടാണ്. മലയോര മേഖലയിൽ നിരവധി കർഷകർ കൃഷിഭൂമി കൈമാറി മറ്റു ബദൽമാർഗത്തെ കുറിച്ച് ആലോചിക്കാമെന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു.
''കുറ്റ്യാടി ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് ഒരു ടൺ നാളികേരം എത്തിക്കാൻ രണ്ടായിരം രൂപയിലേറെ വരും ചെലവ്. സാധാരണക്കാർക്ക് വണ്ടിക്കൂലി കൂടി താങ്ങാനാവില്ല.
കെ.ടി.ജെയിംസ്,
കർഷകൻ