2

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരം ലഹരിവില്പന കേന്ദ്രമായി മാറുന്നു. കാടുപിടിച്ച് കിടക്കുന്ന ഇവിടം വില്പനക്കാരുടെ ‍ഇഷ്ടത്താവളമായി മാറിക്കൊണ്ടിരിക്കുകയാണ്.

അട്ടിയിട്ടിരിക്കുന്ന സ്ലീപുകൾക്ക് മറവിലും മേല്പാലത്തിന്റെ കോണിപ്പടികളും കേന്ദ്രീകരിച്ചാണ് കച്ചവടവും ഉപയോഗവും തകൃതിയായി നടക്കുന്നത്. ഉപയോഗ ശേഷം സിറിഞ്ചുകളും മദ്യകുപ്പികളും ഇവിടെ വലിച്ചെറിയുന്നതും പതിവാകുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പാഴും രാവും പകലും ഓട്ടേറെ യുവാക്ക‍ളാണ് ഇവിടെ തമ്പടിക്കുന്നത്. ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥികളാണ് കൂടുതലായി ലോബികളുടെ പിടിയിലാവുന്നത്. പകലിൽ പോലും പ്രദേശവാസികൾക്ക് സൈര്യ വിഹാരം നടത്താൻ കഴിയാത്ത അവസ്ഥയാണ്. വ‌ർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജന സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പ്രത്യക്ഷമായി രംഗത്ത് എത്തിയിരുന്നെങ്കിലും നടപടികളൊന്നുമായില്ല.

എക്‌സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് ഏകദേശം ഇരുനൂറ് മീറ്റർ അകലെയാണെങ്കിലും ആവശ്യമായ ഇടപെടൽ എക്സൈസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പ‍റയുന്നത്. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളി‍ൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. മാഹിയിൽ നിന്ന് വിദേശ മദ്യം ട്രെയിൻ മാർഗ്ഗമെത്തുന്നത് തടയാൻ റെയിൽവെ ആർ.പി.എഫിനെ നിയോഗിച്ചിരിക്കയാണ്. കൊവിഡ് മൂന്നാം തരംഗം തീവ്രമായതോടെ പൊലീസും കൊവിഡിന്റെ പിടിയിലാണ്. ഈ തക്കം ഉപയോഗിച്ച് ലഹരി ഉപയോഗവും വർദ്ധിച്ചു.

റെയിൽവെ സ്റ്റേഷനും ഓവർ ബ്രിഡ്ജിനും ഇടയിൽ പാളം മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതിനാൽ സ്ത്രീകളടക്കം പലരും പഴയ ഗേറ്റ് കടന്നാണ് യാത്രചെയ്യുന്നത്. മത്സ്യ ഭവൻ, കൃഷി ഭവൻ എന്നിവിടങ്ങളിലേക്ക് വരുന്നവരും ഈ വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റും നൂറ് മീറ്റർ അകലെയായതിനാൽ പലരും മദ്യപാനത്തിന് ഈ സ്ഥലം തിരഞ്ഞെടുക്കുന്നതും ഇതുവഴിയിലൂടെയുള്ള യാത്രക്കാർക്ക് ഭീക്ഷണിയാകുകയാണ്. റെയിൽവെ സ്ഥലം അനധികൃതമായി മദ്യപാനത്തിനും മറ്റും ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.