p

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ അഞ്ച് പെൺകുട്ടികളെ കൂടി ഇന്നലെ പൊലീസ് കണ്ടെത്തി. ഒരാളെ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ മഡിവാളയിൽ നിന്നു പിടികൂടിയിരുന്നു. ഇതോടെ ചാടിപ്പോയ ആറ് പെൺകുട്ടികളും കസ്റ്റഡിയിലായി. ഇന്നലെ ഒരാളെ ബസ് യാത്രയ്ക്കിടയിലും നാലുപേരെ നിലമ്പൂരിനടുത്ത് എടക്കരയിൽ നിന്നുമാണ് പിടികൂടിയത്. ഒരാൾ പിടിയിലായതിന് പിന്നാലെ ഇവർ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം ഒരാൾ പിടിയിലായതോടെ ശേഷിക്കുന്ന അഞ്ചുപേരിൽ ഒരാൾ വീട്ടുകാരെ വിളിച്ച് മടക്കയാത്രയ്ക്കുള്ള പണം ഗൂഗിൾ പേ വഴി അവിടെ പരിചയപ്പെട്ട ഒരാളുടെ മൊബൈലിലേക്ക് അയപ്പിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടെ മാണ്ഡ്യയിൽ വച്ച് പെൺകുട്ടിയെ കണ്ടെത്തി. മറ്റുനാലു പേർ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ പാലക്കാട്ടെത്തി ബസ് കയറി എടക്കരയിൽ പെൺകുട്ടികളിൽ ഒരാളുടെ കാമുകനെ കാണാനെത്തി ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കസ്റ്റഡിയിലായത്.

അതേസമയം കഴിഞ്ഞ ദിവസം മഡിവാളയിൽ നിന്നു കസ്റ്റഡിയിലായ രണ്ടു യുവാക്കൾക്ക് പെൺകുട്ടികളുമായി നേരത്തെ ബന്ധമൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ട്രെയിനിൽവച്ച് പരിചയപ്പെട്ട ഇവരോട് ബംഗളൂരുവിൽ റൂമെടുക്കാൻ പെൺകുട്ടികൾ സഹായം തേടുകയായിരുന്നു. തങ്ങളുടെ ബാഗുകൾ മോഷണം പോയെന്നും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അതിലാണെന്നും പറഞ്ഞാണ് സഹായംതേടിയത്. വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മുറിയെടുക്കാൻ ഒപ്പം ചെല്ലുകയായിരുന്നു എന്നാണ് യുവാക്കളുടെ മൊഴി. ഇവരെ വിശദമായി വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

ബുധനാഴ്ച ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടികൾ ആദ്യമെത്തിയത് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ്. കൂട്ടത്തിലൊരാളുടെ കാമുകനെ കാണാൻ പാലക്കാട്ടേക്ക് പോകാനായിരുന്നു പ്ലാൻ. കൈയിൽ പൈസയില്ലാത്തതിനാൽ അവിടെവച്ച് ഒരു ബംഗാൾ സ്വദേശിയെ പരിചയപ്പെട്ട ശേഷം കാമുകനെകൊണ്ട് അയാളുടെ മൊബൈലിലേക്ക് 500 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചു. എന്നാൽ, പാലക്കാടേക്ക് ബസിൽ കയറിയപ്പോൾ ആറു പേർക്കുള്ള ടിക്കറ്റിന് ആ തുക പോരായിരുന്നു. വീണ്ടും കാമുകനെ വിളിച്ച് കണ്ടക്ടറുടെ മൊബൈലിലേക്ക് 2000 രൂപ ഗൂഗിൾ പേ ചെയ്യിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ളത് കണ്ടക്ടർ കൈമാറി. പാലക്കാട് എത്തിയപ്പോൾ തനിക്ക് ചിക്കൻപോക്സാണെന്ന് കാമുകൻ അറിയിച്ചു. അതോടെ ബംഗളൂരുവിലേക്ക് ട്രെയിൻ കയറി. ടിക്കറ്റില്ലാത്തതിനാൽ ടി.ടി.ആർ കോയമ്പത്തൂർ സ്റ്റേഷനിൽ ഇറക്കി വിട്ടു. പിന്നീട് മറ്റൊരു ട്രെയിനിൽ കയറിയാണ് ബംഗളൂരുവിലെത്തിയത്.