സുൽത്താൻ ബത്തേരി: സംസ്ഥാന അതിർത്തി വഴി രേഖകളില്ലാതെ പണം കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാർ. ഒന്നേമുക്കാൽ കോടിയുടെ കുഴൽപണം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവെയാണ് അതിർത്തിവഴി കുഴൽപ്പണം കടത്തുന്ന ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസ് മേധാവി വ്യക്തമാക്കിയത്.

പിടികൂടിയ കുഴൽപണത്തിൽ ഒരു കള്ളനോട്ടും കണ്ടെത്തിയതോടെ ഇതിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണവും ആരംഭിച്ചു.
അതിർത്തികൾ വഴി കുഴൽപ്പണം കടത്തുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുത്തങ്ങയ്ക്കടുത്ത പൊൻകുഴിയിൽ വെച്ച് കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ(24), മുസ്തഫ(31), എന്നിവരിൽ നിന്ന് 1,77,33,000 രൂപ പിടികൂടിയത്. പച്ചക്കറി ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു പണം കടത്തികൊണ്ടുവന്നത്.
പണം കടത്തുന്നതിനാണ് പച്ചക്കറി വാഹനം തെരഞ്ഞെടുത്തത്. ഡ്രൈവർ സീറ്റിനോട് ചേർന്ന ഡാഷ്‌ബോർഡിൽ പ്രത്യേക അറയുണ്ടാക്കി എഞ്ചിൻഭാഗത്തേക്ക് തള്ളിവെക്കുന്ന രീതിയിലാണ്. ഈ വാഹനം സ്ഥിരമായി ഹവാല കള്ളക്കടത്തിനായി ഓടുന്നതാണെന്ന് ഈ രഹസ്യ അറയിൽ നിന്ന് വ്യക്തമാകുന്നതായി പൊലീസ് മേധാവി പറഞ്ഞു. രേഖകളില്ലാതെ പണം മുത്തങ്ങ, ബാവലി ചെക്ക്‌പോസ്റ്റുകൾ വഴി സംസ്ഥാനത്തേക്ക് കടത്തികൊണ്ടുവരുന്നുണ്ടെന്ന് സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിന് സൂചന ലഭിച്ചിരുന്നു.
ആന്റി നാർക്കോട്ടിക് സെല്ലും സുൽത്താൻ ബത്തേരി പൊലീസും ചേർന്ന് പിടികൂടിയ കുഴൽപണത്തിന്റെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തും. ഇപ്പോൾ പിടിയിലായവർ ഏജന്റുമാരാണോ കരിയർമാരാണോ എന്ന് അന്വേഷണം നടത്തിവരികയാണ്. ജില്ലയിലെ എല്ലാ അതിർത്തി ചെക്ക്പോസ്റ്റുകളിലും പൊലീസും നാർക്കോട്ടിക് സെല്ലും പരിശോധന ശക്തമാക്കിയതായി പൊലീസ് മോധാവി പറഞ്ഞു. ബത്തേരി ഡി.വൈ.എസ്.പി വി.എസ്.പ്രദീപ്കുമാർ, നർക്കോട്ടിക് ഡി.വൈ.എസ്.പി വി.റെജികുമാർ എന്നിവരും സന്നിഹിതരായിരുന്നു