
സുൽത്താൻബത്തേരി: കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയിൽ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച സംഭവത്തിൽ കോർപ്പറേഷനിലെ ഐ ടി വിഭാഗത്തിൽ നിന്നുള്ള രണ്ടംഗ സംഘം പരിശോധന നടത്തി. കത്തി നശിച്ച മെഷീനിന്റെ അവശിഷ്ടഭാഗങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിനു പുറമെ സ്റ്റേ റൂമിന്റെ അവസ്ഥയും വിലയിരുത്തി. സംഘം വൈകാതെ റിപ്പോർട്ട് എം ഡി യ്ക്ക് കൈമാറും.
ഐ ടി വിഭാഗം സ്‌പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ഷീൻ, ജൂനിയർ അസിസ്റ്റന്റ് ഷൈജു എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. തുടരന്വേഷണം പൊലീസ് ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്നാണ് സൂചന. ബത്തേരി ഡിപ്പോ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വ്യാഴാഴ്ച പുലർച്ചയാണ് ജീവനക്കാരുടെ സ്റ്റേ റൂമിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള ഡീലക്സ് ബസ്സിലെ ഡ്രൈവർ ജേക്കബ് ആന്റണി (48), കണ്ടക്ടർ എംഎം.മുഹമ്മദ് (45) എന്നിവർക്ക് കൈയ്ക്ക് പൊള്ളലേറ്റിരുന്നു.
സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മെഷീനിന്റെ ഗുണനിലവാരക്കുറവാണോ പൊട്ടിത്തെറിയ്ക്ക് കാരണമെന്നത് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷിച്ചുവരികയാണ്. മെഷീൻ വിതരണം ചെയ്ത മൈക്രോ എഫ് എക്സ് കമ്പനിയ്ക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി സംബന്ധിച്ചുണ്ടായ തർക്കത്തിനു പിറകെയായിരുന്നു ഇത്.