
ഫറോക്ക്: അശരണരായ വൃക്കരോഗികളുടെ ആശാകേന്ദ്രമായി നല്ലളത്ത് പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണയജ്ഞത്തിന് നാളെ തുടക്കമാവും.
സെന്ററിൽ 72 പേർക്ക് സൗജന്യ ഡയാലിസിസ് നൽകി വരുന്നുണ്ടെന്ന് ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെന്ററിന് പ്രതിമാസം 10 ലക്ഷത്തോളം രൂപ വേണ്ടി വരുന്നു.
ബേപ്പൂർ മണ്ഡലത്തിലെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെയും വീടുകളിലടക്കം 90000 സംഭാവന കവറുകൾ നൽകും. ഫെബ്രവരി 6 ന് കവർ സംഭാവനയോടെ തിരിച്ചെടുക്കും. വാർത്താസമ്മേളത്തിൽ ട്രസ്റ്റ് ചെയർമാൻ വി.കെ.സി മമ്മദ് കോയ, കൺവീനർ കെ.ഗംഗാധരൻ, ഡയറക്ടർമാരായ ബഷീർ കുണ്ടായിത്തോട്, ഫസൽ റഹ് മാൻ എന്നിവർ സംബന്ധിച്ചു.