
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് കോർപ്പറേഷൻ. നടത്തിപ്പിൽ ശ്രദ്ധക്കുറവുണ്ടായെന്ന് കൗൺസിൽ യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും മേയർ വ്യക്തമാക്കി. ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്.
കല്ലുത്താൻകടവിൽ വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി നേരത്തെ കോർപ്പറേഷൻ നൽകിയ രണ്ട് കോടി രൂപയ്ക്ക് പുറമെ 20 കോടി കൂടി നൽകും. 20,20,04,807 രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് കാണിച്ച് സ്‌പെഷ്യൽ തഹസിൽദാരുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വില നിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദ വില വിവരം കളക്ടർ അംഗീകരിച്ചിട്ടുള്ളതാണെന്നും സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു. സർക്കാരിന്റെ പ്രത്യേക ഫണ്ടിലോ, പ്ലാൻ ഫണ്ടിലോ ഉൾപ്പെടുത്തിയാകും തുക അനുവദിക്കുന്നത്. 2020- 2021 ലെ വാർഷിക ഭരണ റിപ്പോർട്ട് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. മാളുകൾ പാർക്കിംഗ് ഫീസ് പിരിക്കുന്ന വിഷയം എൻ.സി മോയിൻകുട്ടിയും കോർപ്പറേഷൻ വർക്ക് ടെൻഡറിൽ അപാകതയുണ്ടെന്ന് എസ്.കെ.അബൂബക്കറും വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടുന്ന വിഷയം കെ.സി.ശോഭിതയും ശ്രദ്ധക്ഷണിച്ചു.
@ അറവുശാലകൾക്കും
ഫാമുകൾക്കും മാർഗരേഖ
അറവുശാലകൾക്കും ഫാമുകൾക്കും സർക്കാർ മാർഗരേഖ നടപ്പാക്കും. കോഴി അറവ് മാലിന്യങ്ങൾ വഴിയിടങ്ങളിൽ നിക്ഷേപിക്കുന്നത് തടയുന്നതിനും പൗൾട്രി മാലിന്യ സംസ്‌കരണം ശരിയായ രീതിയിൽ നടപ്പാക്കുന്നതിനുമാണ് മാർഗരേഖ നടപ്പാക്കുന്നത്.
@ തണൽമരങ്ങൾക്ക് സംരക്ഷിത വലയം വേണ്ട
ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച പൊതുസ്ഥലങ്ങളിലെ തണൽമരങ്ങൾക്ക് സംരക്ഷിതവലയം പദ്ധതി അവസാനിപ്പിക്കുന്നു. നാല് സ്ഥലങ്ങളിൽ മാത്രമാണ് പ്രവൃത്തി ചെയ്യാൻ സാധിച്ചത്. ജനങ്ങളുടെ എതിർപ്പും ഉടമസ്ഥതാ തർക്കവും കാരണം പദ്ധതി നടപ്പാക്കാൻ സാധിക്കാതെ വന്നടെയാണ് സംരക്ഷിത വലയം ഉപേക്ഷിക്കുന്നത്.
@ ബേപ്പൂരിലെ ഭവന സമുച്ചയം; പരിശോധനയ്ക്ക് കൂടുതൽ തുക
ലൈഫ് ഭവന പദ്ധതിയ്ക്കായി ഭവന സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലത്ത് മണ്ണ് പരിശോധന നടത്തിയതിന് ഗവ. എൻജിനിയറിംഗ് കോളേജിന് കൂടുതൽ തുക അനുവദിക്കും. 66,188 രൂപ കൂടിയാണ് അനുവദിക്കുക.
@ മാങ്കാവ് ഹെൽത്ത് സെന്റർ ആർദ്രത്തിലേക്ക്
മാങ്കാവ് ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തും.ആരോഗ്യകാര്യ സ്ഥിരംസമിതിയുടെ ശുപാർശ കൗൺസിൽ അംഗീകരിച്ചു.