medicalcollege

കോഴിക്കോട്: മൂന്നാംതരംഗത്തിൽ ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡോക്ടർമാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. താത്കാലിക അടിസ്ഥാനത്തിൽ നേരത്തെ കൊവിഡ് ബ്രിഗേഡ് വഴി ജോലി ചെയ്തവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. നാളെ മെഡിക്കൽ കോളേജിലെ ലക്ചർ തിയറ്റർ കോംപ്ലക്സിലാണ് അഭിമുഖം. ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ്, ഡി.ഇ.ഒ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. മാർച്ച് 31 വരെയാണ് കാലാവധി.

കഴിഞ്ഞ ഒക്ടോബറിലാണ് കൊവിഡ് ബ്രിഗേഡിലെ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, സി.എഫ്.എൽ.ടി.സി, ഡി.എഫ്.എൽ.ടി.സിയിലെ ജീവനക്കാർ തുടങ്ങിയവരായിരുന്നു കൊവിഡ് ബ്രിഗേഡിൽ ഉണ്ടായിരുന്നത്. ഒന്നര വർഷത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജോലി ചെയ്തവരെ പെട്ടെന്ന് പരിച്ചുവിട്ടതിനെതിരെയായിരുന്നു പ്രതിഷേധം. വൈകിട്ട് ഡ്യൂട്ടിക്ക് എത്തിയപ്പോൾ പരിച്ചുവിട്ടെന്ന അറിയിപ്പ് ലഭിച്ചവർ പോലും ഉണ്ടായിരുന്നു.

മെഡിക്കൽ കോളേജിലും അനുബന്ധ ആശുപത്രികളിലും ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധിയായതോടെയാണ് നിയമന തീരുമാനം.

നിലവിലെ ശുചീകരണ തൊഴിലാളികൾ വലിയ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ കോളേജിൽ കൂടുതൽ പേരെ നിയമിക്കണമെന്ന ആവശ്യം ഏറെ കാലമായ ഇവർ ഉന്നയിക്കുന്നുണ്ട്. കൊവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ഗുരുതര സാഹചര്യമുണ്ടായത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ഡെത്ത് കെയർ വിഭാഗത്തിൽ പ്രവർത്തിച്ചവരേയും ശുചീകരണ വിഭാഗത്തിലുള്ളവരേയും പിരിച്ചുവിട്ടിരുന്നു.

തൊഴിലാളികളിൽ അധികവും 50 വയസ് പിന്നിട്ടവരും പല അസുഖങ്ങളും ഉള്ളവരുമാണ്. രോഗികളെ പരിചരിക്കൽ, വാർഡുകൾ വൃത്തിയാക്കൽ, വാഹനത്തിൽ നിന്ന് രോഗികളെ ഇറക്കൽ, ഓപ്പറേഷൻ തീയറ്ററുകൾ അണുവിമുക്തമാക്കുക എന്നിങ്ങനെയാണ് ജീവനക്കാരുടെ ജോലി. എം.സി.എച്ച് അത്യാഹിത വിഭാഗം, കൊവിഡ് ആശുപത്രി അത്യാഹിത വിഭാഗം എന്നിവയൊക്കെ കൈകാര്യം ചെയ്യേണ്ടതും ഇവരാണ്. ഡോക്ടർമാർ അടക്കം 250ലേറെ ജീവനക്കാരാണ് മൂന്നാം തരംഗത്തിൽ രോഗബാധിതരായത്.

@ നിയമനം ഇങ്ങനെ

ഡോക്ടർമാർ - 20

നഴ്സ് -40

ശുചീകരണ തൊഴിലാളികൾ -40

ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ - 6