
കോഴിക്കോട്: തെറ്റായ റിപ്പോർട്ട് നൽകുകയും ന്യായവാദങ്ങൾ നിരത്തിയും വാർദ്ധക്യ പെൻഷൻ അപേക്ഷ തള്ളിയ ഉദ്യോഗസ്ഥരുടെ നടപടിയിൽ തിരുത്തുമായി കോർപ്പറേഷൻ. വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് ശിവസൂര്യൻ എന്നയാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷകൻ ജോലിക്ക് പോകുന്നുണ്ടെന്നും മെച്ചപ്പെട്ട ജീവിതമായതിനാൽ പെൻഷന് അർഹതയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ന്യായം.അതെസമയം താൻ പെൻഷന് അർഹനാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെറ്റായ റിപ്പോർട്ടാണ് നൽകിയതെന്നും കാണിച്ച് ഡെപ്യൂട്ടി മേയർ മുമ്പാകെ അപേക്ഷ നൽകി. അപേക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷകന്റെ വീട്ടിൽ ചെന്ന് റിപ്പോർട്ട് ചെയ്യുന്നതിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിശോധനയിൽ അപേക്ഷകൻ തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് കോഴിക്കോട്ടെത്തി താമസമാക്കിയ ആളാണെന്ന് വ്യക്തമായി. സാമൂഹിക സന്നദ്ധ പ്രവർത്തകർ സഹായിച്ചാണ് വീട് പണിതതെന്നും കണ്ടെത്തി. മുമ്പ് ഷീറ്റ് മേഞ്ഞ വീട്ടിലായിരുന്നു താമസം. ഇയാൾ പെൻഷന് അർഹതപ്പെട്ട ആളാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് നൽകി. തമിഴ്‌നാട്ടിലായിരുന്നപ്പോൾ യാതൊരുവിധ ആനുകൂല്യവും വാങ്ങിയില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കിയാൽ പെൻഷൻ അനുവദിക്കാനാണ് കൗൺസിൽ തീരുമാനം.
" പെൻഷൻ അപേക്ഷകളിൽ ഉദ്യോഗസ്ഥർ പലപ്പോഴും ന്യായമായ റിപ്പോർട്ട് നൽകുന്നില്ല. മെച്ചപ്പെട്ട ജീവിത രീതിയെന്ന് പറയുന്നത് തന്നെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. അനാവശ്യമായി അപേക്ഷ നിരസിക്കുന്ന സാഹചര്യമുണ്ട്. " പി. ദിവാകരൻ ( ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ)