human
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: ഖത്തറിൽ ഹോട്ടൽ തുടങ്ങാൻ സുഹൃത്തുക്കൾക്ക് ഒപ്പിട്ട് നൽകിയ ചെക്ക് മടങ്ങിയ കേസിൽ യുവാവിനെ ജയിലിലടച്ച സംഭവത്തിൽ പുനരന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.

കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. പുതിയങ്ങാടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവ് അരുണിനെയാണ് മലപ്പുറം സ്വദേശികളായ ഷമീർ, ഹുസൈൻ, ജഫ്രി, സനോജ്, നജീബ്, മുനീർ തുടങ്ങിയവർ കബളിപ്പിച്ചത്. ചെക്ക് ഉപയോഗിച്ച് വലിയ തുക വായ്പ എടുത്തശേഷം ബാങ്കുകളെ വഞ്ചിച്ച് കോടികൾ സമ്പാദിക്കുന്ന മാഫിയ ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. പൊലീസ് മേധാവിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടി. ഏലത്തൂർ പൊലീസ് അന്വേഷണം നടത്തി രജിസ്റ്റർ ചെയ്ത 64/2020 നമ്പർ കേസിൽ പുനരന്വേഷണം നടത്താൻ അനുമതിക്കായി കൊയിലാണ്ടി കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസ് പുനരന്വേഷിച്ച് പരാതിക്കാരിക്ക് വേഗത്തിൽ നീതി ലഭ്യമാക്കണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം.