കൽപ്പറ്റ: പട്ടികവർഗ വിദ്യാർഥികൾ കൂടുതലുള്ള മേഖലകളിൽ പ്ലസ് വൺ ഹുമാനിറ്റീസിന്റെ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തയയ്ക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ ജില്ലയിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും പട്ടികവർഗക്കാരായ വിദ്യാർഥികളിൽ അധികവും താത്പര്യപ്പെടുന്നത് ഹുമാനിറ്റീസിന് ചേരാനാണ്. നിലവിൽ 455 വിദ്യാർഥികൾ അവസരം ലഭിക്കാത്തവരായുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഹുമാനിറ്റീസ് ബാച്ചുകൾ അധികമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമിതി ചെയർപെഴ്സണായ ജില്ലാ കളക്ടർ എ.ഗീതയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

സംസ്ഥാന സർക്കാറിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ ജില്ലയിലെ ഓരോ മണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടൽ പദ്ധതിയെങ്കിലും ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. സൗജന്യ നിരക്കിൽ ഉച്ചഭക്ഷണവും മറ്റ് ഭക്ഷണ പദാർഥങ്ങളും വിതരണം ചെയ്യുന്നതിനുള്ള ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 10 ലക്ഷം രൂപ വരെ ചെലവഴിക്കാം. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ മാർഗരേഖ ജില്ലയിലെ എം.എൽ.എമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും.

സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ മുഴുവൻ വകുപ്പുകളും പദ്ധതി നിർവ്വഹണം വേഗത്തിലാക്കണമെന്നും അനുവദിച്ച പണം പൂർണമായി ചെലവിടണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് തുടങ്ങിയുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും.

ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർക്ക് യോഗം യാത്രയയപ്പ് നൽകി. ജില്ലാ വികസന സമിതിയുടെയും ജില്ലാ പട്ടികവർഗ വകുപ്പിന്റെയും ഉപഹാരങ്ങൾ ജില്ലാ കളക്ടർ സമ്മാനിച്ചു. ഒ.ആർ.കേളു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എ.ഡി.എം ഷാജു എൻ.ഐ., സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ തുടങ്ങിയവർ പങ്കെടുത്തു.