കൽപ്പറ്റ: നിരോധിത മയക്കുമരുന്നു കടത്തും, ഉപയോഗവും വിൽപനയും തടയുന്നതിന് ഒരാഴ്ചയായി നടത്തിയ നാർകോട്ടിക് ഡ്രഗ്സ് സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 91 കേസുകൾ രജിസ്റ്റർ ചെയ്യുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും അറസ്റ്റ് അടക്കമുള്ള നടപടികളെടുക്കുകയും ചെയ്തതായി ജില്ലാ പൊലിസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു.
അതിമാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ വിൽപന നടത്തുന്നവരെയും അത് ഉപയോഗിക്കുന്നവരെയുമാണ് നിരോധിത ലഹരി വസ്തുക്കൾ സഹിതം അറസ്റ്റ് ചെയ്തത്. ഓരോ പൊലിസ് സ്റ്റേഷനിലും എസ്എച്ച്ഒയുടെ കീഴിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സ്‌ക്വാഡിന്റെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്തമായ പരിശോധനയാണ് നടക്കുന്നത്.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും ഓരോ സ്റ്റേഷൻ പരിധിയിലും ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന ആളുകളെ പ്രത്യേകം നിരീക്ഷിക്കാനും കേസിൽ ഉൾപ്പെടുന്നവരെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുവാനും എല്ലാ സബ്ബ് ഡിവിഷൻ ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒ മാർക്കും നിർദേശം നൽകിയതായും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.