കോഴിക്കോട്: അടുപ്പ്, തിളച്ചവെള്ളം.. ചോറുണ്ടാക്കുന്ന കാര്യമോർത്ത് ഇനി ആധി വേണ്ട. പച്ചവെള്ളവും അഖോനി ബോറ അരിയും ഉണ്ടെങ്കിൽ ചോറ് റെഡി !. പച്ചവെള്ളത്തിലിട്ടാൽ 40 മിനിറ്റുകൊണ്ട് ചോറായി മാറുന്ന അഖോനി ബോറ അരി വിളയിച്ചെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാരനായ സുനിൽകുമാർ. വെള്ളനൂർ സ്വദേശിയായ സുനിൽ 18 വർഷമായി കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള നെല്ലാണ് അഖോനി ബോറ. കൃഷിയിൽ വ്യത്യസ്തത പരീക്ഷിക്കുന്ന സുനിൽ രണ്ടുവർഷം മുമ്പാണ് ഇത്തരമൊരു അരിയെക്കുറിച്ച് അറിയുന്നത്. പിന്നീടത് സംഘടിപ്പിക്കാനുള്ള ശ്രമമായി. ആസാമിൽ ആർ.പി.എഫ് ഉദ്യോഗസ്ഥനായ സഹോദരിയുടെ മകളുടെ ഭർത്താവ് രാകേഷാണ് വിത്ത് എത്തിച്ച് നൽകിയത്. എട്ടാംക്ലാസ് തൊട്ടേ അച്ഛന്റെ കൂടെ കൃഷിയിൽ വ്യാപൃതനായിരുന്നു സുനിൽ. വളർന്നപ്പോൾ ഇഷ്ടംകൂടി. ജോലിക്കൊപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോയി. വിത്തുകൾ ആവശ്യക്കാർക്ക് നൽകാനും വിത്തിലേയ്ക്ക് നമ്മുടെ കർഷകരെ അടുപ്പിക്കാനും സുനിലിന് ആഗ്രഹമുണ്ട്.
ജീവാമൃതം, കുമ്മായം, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ചൂടുവെള്ളത്തിൽ വേവാത്തതിനാൽ ജൈവകൃഷിയാണ് അനുയോജ്യമെന്ന് സുനിൽ പറയുന്നു. രക്തശാലി, നവര, വിത്തില്ലാത്ത തണ്ണിമത്തൻ തുടങ്ങി പല വ്യത്യസ്ത കൃഷിയും സുനിൽ ചെയ്യുന്നുണ്ട്. മലപ്പുറം നഗരസഭ ജീവനക്കാരിയായ പ്രഭശ്രീയാണ് ഭാര്യ. മക്കൾ: ആർജ, അമർനാഥ്.
@ അഖോനി ബോറ
ബോറ സോൾ, ഇൻസ്റ്റന്റ് അരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ലോവർ അസമിലെ നൽബാരി, ബാർപേട്ട, ഗോൾപാറ, കാംരൂപ്, ദരംഗ്, ധുബ്രി, ചിരാംഗ്, ബോംഗായി ഗോവൻ, കൊക്രജാർ, ബക്‌സ തുടങ്ങിയ പ്രദേശങ്ങളിൽ വളരുന്ന ഒരു നെല്ലിനം. ബിഹു പോലുള്ള പരമ്പരാഗത ആഘോഷങ്ങളിൽ അഖോനി ബോറ അരി ഉപയോഗിക്കുന്നു. ആസാമാണ് ജന്മദേശം. ചൂടുള്ള കാലാവസ്ഥയിൽ 140 ദിവസം വരെ മൂപ്പ് വേണം. ചൂടുവെള്ളത്തിൽ 15 മിനുറ്റിൽ പാകമാവും.