സുൽത്താൻ ബത്തേരി: അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ വ്യാപകമായി സംസ്ഥാനത്തേക്ക് കടത്തുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും സംയുക്തമായി നടത്തിവരുന്ന പരിശോധനയിൽ ഇന്നലെയും കഞ്ചാവുമായി രണ്ട്‌ പേരെ പിടികൂടി. പുൽപ്പള്ളി കളനാടികൊല്ലി സ്വദേശികളായ കൊട്ടാരത്തിൽ അഭിനവ് കെ.ബേബി (19), അടിമാറക്കൽ എ.ആർ.അഭിജിത്ത് (19) എന്നിവരെയാണ് 170 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. മുത്തങ്ങയ്ക്കടുത്ത മൂലഹളയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
മൈസൂരിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് വരുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്നു ഇരുവരും. അരയിൽ തുണികൊണ്ടുള്ള പ്രത്യേക ബെൽറ്റ് കെട്ടി അതിനുള്ളിലാണ് കഞ്ചാവ് കടത്തികൊണ്ടുവന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും ആന്റിഗുണ്ട സ്‌ക്വാഡും, വയനാട് പൊലീസ് ഡോഗ് സ്‌ക്വാഡും സംയുക്തമായി ബത്തേരി എസ്‌ഐ ജെ.ഷജീമിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.