
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം പിടിയിലായി തിരികെ എത്തിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ജനൽചില്ല് തകർത്ത് അതുപയോഗിച്ച് കൈഞരമ്പ് മുറിച്ചായിരുന്നു ശ്രമം. മുറിവ് സാരമുള്ളതല്ല. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
ഇന്നലെ ചിൽഡ്രൻസ് ഹോമിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അടിയന്തര സിറ്റിംഗ് നടത്തി പെൺകുട്ടികൾക്ക് പറയാനുള്ളത് കേട്ടു. ഇവിടെ സുരക്ഷയില്ലെന്നും മാനസിക സമ്മർദ്ദം സഹിക്കാനാവുന്നില്ലെന്നും ഹോമിൽ തുടരാൻ താത്പര്യമില്ലെന്നും പെൺകുട്ടികൾ അറിയിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കമ്മിറ്റി ചെയർമാൻ പി.എം.തോമസ് പറഞ്ഞു. കുട്ടികളുടെ താത്പര്യം സംരക്ഷിക്കും. ചിൽഡ്രൻസ് ഹോമിൽ ഗുരുതര സുരക്ഷാപിഴവുണ്ടെന്ന് കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിൽ യാതൊരു നടപടിയുമുണ്ടായില്ല. ഇതുൾപ്പെടെ ചൂണ്ടിക്കാണിച്ച് ഉടൻ റിപ്പോർട്ട് നൽകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പെൺകുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറി. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് കാണിച്ച് കഴിഞ്ഞ മാസവും അപേക്ഷ നൽകിയിരുന്നു.
'യുവാക്കൾ കുറ്റക്കാരല്ല'
പിടിയിലായ യുവാക്കൾ കുറ്റക്കാരല്ലെന്ന് ചിൽഡ്രൻസ് ഹോമിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് പെൺകുട്ടികൾ ഉറക്കെ വിളിച്ചുപറഞ്ഞു. അവർക്കെതിരെ പൊലീസ് കേസ് കെട്ടിച്ചമച്ചതാണ്. അവരൊന്നും ചെയ്തിട്ടില്ല. ഞങ്ങളെ സഹായിച്ചിട്ടേയുള്ളൂവെന്നും പെൺകുട്ടികൾ പറഞ്ഞു.
2 പൊലീസുകാർക്കെതിരെ നടപടി വരും
പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയുള്ള കേസിൽ അറസ്റ്റിലായ രണ്ടു യുവാക്കളിൽ ഒരാൾ ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ സുരക്ഷാചുമതലയുണ്ടായിരുന്ന രണ്ടു പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ( 26), കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ് ( 26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഇവരെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് തയ്യാറെടുക്കുന്നതിനിടെ സ്റ്റേഷനു പിറകുവശത്തുകൂടി ഫെബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം ഇയാളെ പിടികൂടി.