കോഴിക്കോട് : വിനോദ സഞ്ചാര സാദ്ധ്യതകൾ മുൻനിർത്തി കനോലി കനാലിന്റെ നവീകരണത്തിനായി നടപ്പാക്കുന്ന കനാൽ സിറ്റി പദ്ധതിയുടെ ഡി.പി.ആർ (ഡീറ്രെയിൽ പ്രൊജക്ട് റിപ്പോർട്ട് )ആറ് മാസത്തിനകം. സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുക. കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാ സ്ട്രക്‌ചേഴ്സ് ലിമിറ്റഡിനാണ് കനാൽ സിറ്രി പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഡി.പി.ആർ ന്യൂഡൽഹിയിലെ ലീ അസോസിയേറ്റ്സ് സൗത്ത് ഇന്ത്യയാണ് തയ്യാറാക്കുന്നത്. ടൂറിസം, ചരക്ക് ഗതാഗതം, ജലയാത്ര എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയാകും പദ്ധതി.
കനാലിന് വീതികൂട്ടൽ, മാലിന്യമൊഴുക്കൽ തടയൽ, സമീപ റോഡുകളുടെയും പാലങ്ങളുടെയും നവീകരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. വാട്ടർ സ്പോർട്സിന് പ്രാധാന്യം നൽകും. ഹൗസ് ബോട്ട് സംവിധാനവും ഒരുക്കും. നടപ്പാതയ്ക്ക് പുറമെ സൈക്കിൾ ട്രാക്കും നിർമ്മിക്കും. കിഫ്ബി വഴി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. കല്ലായി മുതൽ എരഞ്ഞിക്കൽവരെ 11.2 കിലോമീറ്ററിലുള്ള കനാലിന്റെ നവീകരണത്തിനായി നടപ്പാക്കുന്ന കനാൽ സിറ്റി പദ്ധതി കോഴിക്കോട് നഗരത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ്. ഡി.പി.ആർ തയ്യാറാക്കിയ ഉടൻ പദ്ധതി നടപ്പാക്കാനാണ് ക്വിൽ ഉദ്ദേശിക്കുന്നത്.