കോഴിക്കോട്; രൂക്ഷമായ കൊവിഡ് വ്യാപനം തടയാൻ കൊണ്ടുവന്ന വാരാന്ത്യ ലോക്ക്ഡൗൺ ജില്ലയിൽ രണ്ടാം ഞായറാഴ്ചയും പൂർണം.
നിയന്ത്രണത്തോട് ജനം സഹകരിച്ചു. അനാവശ്യയാത്രകൾ ഒഴിവാക്കി ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിൽ കുറവായിരുന്നു. നഗരത്തിൽ പൊലീസ് പരിശോധന കർശനമായിരുന്നു. വ്യക്തമായ രേഖകളില്ലാതെ എത്തിയവരെയും കറങ്ങാനിറങ്ങിയവരെയും തിരിച്ചുവിട്ടു. ജില്ലയിൽ ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് 22 ബസുകൾ സർവീസ് നടത്തി.
സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. അവശ്യസർവീസുകൾ പതിവുപോലെ തുടർന്നു. ഹോട്ടലുകളിൽ പാഴ്സൽ മാത്രമായിരുന്നു. മെഡിക്കൽ ഷോപ്പുകളും പലചരക്ക് കടകളും തുറന്നു. ബീവറേജുകൾ പ്രവർത്തിച്ചില്ലെങ്കിലും കള്ളുഷാപ്പുകൾ തുറന്നു. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 പേരെ മാത്രം അനുവദിച്ചതിനാൽ ഇത്തരം സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ചകളിൽ പൊതുവെ തിരക്കനുഭവപ്പെടാറുള്ള മിഠായിത്തെരുവും പാളയം മാർക്കറ്റും വിജനമായിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളും തുറന്നില്ല.
അതെസമയം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സിറ്റി പൊലീസ് പരിധിയിൽ 210 പേർക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 37 പേർക്കെതിരെ കേസെടുത്തു. 46 പേർക്ക് നോട്ടീസ് നൽകി. സാമൂഹിക അകലം പാലിക്കാത്തതിന് 14 പേർക്കെതിരെ കേസും 42 പേർക്ക് നോട്ടീസും നൽകി. മറ്റ് കൊവിഡ് നിയമലംഘനങ്ങൾക്ക് 13 പേർക്കെതിരെ കേസും 58 പേർക്കെതിരെ നോട്ടീസും നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 2129 വാഹനങ്ങൾ പരിശോധിച്ചു. 31 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ നിയമലംഘനങ്ങൾക്ക് 26000 രൂപ പിഴ ചുമത്തി.
കൊവിഡ് 3,872 ;
ടി.പി.ആർ 41.48%
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 3,872 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 3,776 പേർക്കും രോഗബാധ. ടി.പി.ആർ 41. 48 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത 40 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേർക്കും 14 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,333 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 5,562 പേർ കൂടി രോഗമുക്തരായി. നിലവിൽ 29,908 പേരാണ് കൊവിഡ് ബാധിതരായുണ്ട്. ക്വാറന്റൈനിൽ കഴിയുന്നത് 39,182 പേർ. ഇതുവരെയുള്ള കൊവിഡ് മരണം 4,757. ചികിത്സയിലുളളവർ: വീടുകളിൽ - 24,986, സ്വകാര്യ ആശുപത്രികൾ - 750, സർക്കാർ ആശുപത്രികൾ - 335, എസ്.എൽ.ടി.സി - 30, എസ്.എൽ.ടി.സി - 22.