 
കോഴിക്കോട്: കൊവിഡ് മൂന്നാംതരംഗത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് വിശപ്പകറ്റാൻ ഡി.വൈ.എഫ്.ഐയുടെ സമൂഹ അടുക്കള തുറന്നു. വയനാട് റോഡിൽ മൃഗാശുപത്രിക്ക് സമീപം എൻ.ജി.ഒ.യൂണിയൻ ഹാൾ പരിസരത്താണ് ടൗൺ ബ്ലോക്ക് കമ്മിറ്റി അടുക്കള തുറന്നത്. മേഖല ട്രഷറർ ശിവപ്രസാദിന്റെ വീട്ടുപറമ്പിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ആദ്യത്തെ സമൂഹ അടുക്കള സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം ചിക്കൻകറിയും ചോറുമായിരുന്നു വിഭവം. കൊവിഡിന്റെ തുടക്കത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം പ്രവർത്തിച്ച സമൂഹ അടുക്കള ഏറെ ശ്രദ്ധനേടിയിരുന്നു. മൂന്നാംതരംഗത്തിൽ ഒറ്റപ്പെട്ടുപോകുന്ന നിരവധി കുടുംബങ്ങളും വ്യക്തികളുമുണ്ട്. അവർക്കരികിലേക്ക് ഭക്ഷണപ്പൊതിയുമായി ചെല്ലുക, ആവശ്യമുള്ള മറ്റ് സഹായങ്ങൾ ചെയ്യുക തുടങ്ങിയവയാണ് അടുക്കളയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. ഇതിനായി നഗരത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപികരിച്ചു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷനായി. കെ.അരുൺ, പിങ്കി പ്രമോദ്, ആർ.ഷാജി, ഫഹദ്ഖാൻ, പി.വൈശാഖ് എന്നിവരാണ് അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്.