പേരാമ്പ്ര:സ്കൂട്ടർ യാത്രക്കാരായ അച്ചനും മകനും കാട്ടുപന്നിക്കൂട്ടത്തിന്റെ അക്രമണത്തിൽ പരിക്ക്. താന്നിയോട് ഒറവുണ്ടൻ ചാലിൽ ഗോപി (63) മകൻ സജിത്ത് ( 27)എന്നിവരെയാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. കെെയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇവരെ കല്ലോട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ചെമ്പ്ര മുക്കള്ളിൽ എസ് ബി ക്യൂബ്സ് സിമന്റ് കട്ടക്കമ്പനിയുടെ മുൻ വശത്തായിരുന്നു സംഭവം. ജനവാസമേഖലയിലൂടെ 10 ഓളം വരുന്ന കാട്ടുപന്നികൾ പ്രധാന റോഡിൽ എത്തിയാണ് സ്കൂട്ടർ യാത്രക്കാരെ മറിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞു വീണ യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബെെക്ക് ഇടിച്ചിട്ടതിനു ശേഷം സമീപത്തെ വീടിന്റെ ഗേറ്റും കാട്ടുപന്നികൾ ഇടിച്ചിട്ടു. ശേഷം അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിക്കയറിയെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയായ പ്രദേശത്ത് പന്നികൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത് ആദ്യമായിട്ടാണെന്നും സമീപ പ്രദേശത്തെ തോട്ടങ്ങളിൽ രാത്രിയിൽ പന്നികൾ എത്തി കൃഷി നശിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.