മുക്കം: ജീവൻരക്ഷാ ഉപകരണം നൽകി വേറിട്ടൊരു വിവാഹ വാർഷികം. മുക്കം കയ്യിട്ടാപൊയിൽ കെ.പി.അനിൽകുമാർ- കെ.കെ അരുണ ദമ്പതികളാണ് വിവാഹത്തിന്റെ 25ാം വാർഷികം മുക്കം ഫയർസ്റ്റേഷനിൽ വ്യത്യസ്തതയോടെ ആഘോഷിച്ചത്. റോഡപകടങ്ങളിലും മറ്റും നട്ടെല്ലിന് ക്ഷതമേൽക്കുന്നവരെ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ഹെഡ് ഇമ്മൊബിലൈസറാണ് ഫയർ സ്റ്റേഷനിൽ നൽകിയത്. ഫയർ സ്റ്റേഷനിൽ അസി.സ്റ്റേഷൻ ഓഫീസറും സേനാംഗങ്ങളും ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. മുക്കം റോട്ടറി ക്ലബ്ബ് ഭാരവാഹികളായ വി.എ.ഗംഗാധരൻ, ഡോ.സി.ജെ.തിലക് എന്നിവരും പങ്കെടുത്തു. റോട്ടറി ക്ലബ്ബിൽ നടന്ന ഒരു ബോധവത്കരണ ക്ലാസിൽ അസി.സ്റ്റേഷൻ ഓഫീസർ എൻ.വിജയൻ ഇത്തരമൊരു ഉപകരണം മുക്കം സ്റ്റേഷനിൽ ഇല്ലാത്ത കാര്യം പറഞ്ഞത് കേട്ടാണ് അനിൽകുമാറും അരുണയും
വിവാഹവാർഷികത്തിൽ ഉപകരണം വാങ്ങി നൽകാൻ തീരുമാനിച്ചത്.