
കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ചിൽ നടക്കാനിരിക്കെ കൊവിഡ് രോഗലക്ഷണമുള്ള വിദ്യാർത്ഥികളിൽ പരിശോധന കുറഞ്ഞത് വെല്ലുവിളിയാകുന്നു.
പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ തീവ്രമല്ലാത്തതിനാൽ രോഗത്തെ നിസാരമായാണ് പലരും കാണുന്നത്. രോഗ ലക്ഷണമുള്ള വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കാൻ രക്ഷിതാക്കളും താത്പര്യം കാട്ടുന്നില്ല. കുട്ടിയിൽ രോഗം സ്ഥിരീകരിച്ചാൽ ദൈനംദിന ജീവിതത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് രക്ഷിതാക്കൾക്ക്. എന്നാൽ രോഗലക്ഷണമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് വഴിയൊരുങ്ങുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. പനിയുടെ ലക്ഷണങ്ങളുമായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ പകർച്ചപനിയാണെന്ന് പറഞ്ഞ് ക്ലാസിൽ ഇരിക്കുന്ന സ്ഥിതിയുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.
ഒന്നോ രണ്ടോ ദിവസം നിലനിൽക്കുന്ന ചൂട്, വിട്ടുവിട്ടു വരുന്ന തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധി കുട്ടികളാണ് സ്കൂളുകളിലെത്തുന്നത്. അതെസമയം പരിശോധന നടത്തിയാൽ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ അവസരം നഷടപ്പെടുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഹാജർ 40 ശതമാനത്തിൽ കുറഞ്ഞാൽ സ്‌കൂൾ അടയ്ക്കണം എന്ന നിർദ്ദേശം ഉള്ളതിനാൽ പല സ്കൂളുകൾക്കും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ്. സർക്കാർ സംവിധാനങ്ങൾ വഴിയുള്ള ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ദിവസങ്ങളോളം വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൊവിഡ് വ്യാപനം വിദ്യാർത്ഥികളിൽ രൂക്ഷമായാൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെ പ്രതികൂലമായി ബാധിക്കും. പരീക്ഷ നടത്തിപ്പിലും പ്രശ്നങ്ങളുണ്ടാകും. കൊവിഡ് മാറിയാലും ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളും പഠിക്കാനുള്ള സാഹചര്യം ലഭിക്കാത്തതും വിദ്യാർത്ഥികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുമെന്ന ആരോപണവുമുണ്ട്. മൂന്നാം തരംഗം രൂക്ഷമായതോടെ ഒമ്പതുവരെയുള്ള ക്ലാസുകൾ ഓൺലൈനാക്കിയിരുന്നു.എന്നാൽ പൊതുപരീക്ഷയായതിനാൽ 10-12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിലെ പഠനം ഒഴിവാക്കിയിരുന്നില്ല.
" സ്വകാര്യ ലാബുകൾ വഴി ടെസ്റ്റിന് തയ്യാറാവുന്ന വിദ്യാർത്ഥികളുടെ പരിശോധനാഫലമാണ് ഒരു പരിധി വരെയെങ്കിലും പുറത്ത് വരുന്നത്. നിലവിലെ കൊവിഡ് വ്യാപന കണക്കുകൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശിനടപ്പാക്കുമ്പോൾ ബലിയാടാവുന്നത് വിദ്യാർത്ഥികളാണ്.""..... സെബാസ്റ്റ്യൻ ജോൺ ( എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)