shaji

കോഴിക്കോട്: തീ കൊണ്ടാണ് ഷാജി പാപ്പൻ കളിച്ചത്. കൂട്ടിന് എന്തിനും പോന്ന പിള്ളേരും. നാടിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ ജീവൻ പണയം വച്ച് നടത്തിയ ഒന്നോന്നര ഓപ്പറേഷൻ...ഈ പാപ്പൻ ആടല്ല, പുലിയാണ്...

ഓടുന്ന ലോറിയിലെ വൈക്കോലിന് തീപിടിച്ചപ്പോൾ വണ്ടി നിറുത്തി ഡ്രൈവർ ഇറങ്ങി ഓടി. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചാൽ കോടഞ്ചേരി അങ്ങാടി കത്തുമായിരുന്നു. അവിടെ മിന്നൽ ആക്‌ഷനുമായി ഷാജി പാപ്പൻ രക്ഷകനായി. തീയും പുകയും വകവയ്‌ക്കാതെ ഷാജി പാപ്പൻ ലോറിയിൽ ചാടിക്കയറി അടുത്തുള്ള സ്‌കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി. വട്ടത്തിലും വെട്ടിച്ചും ലോറി ഓടിച്ചപ്പോൾ വൈക്കോലിന്റെ തീക്കെട്ടുകൾ പുറത്തേക്ക് തെറിച്ചു. പിള്ളേരു സംഘവും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സുമെല്ലാം ഓടിയെത്തി. കുറച്ചുനേരം കൊണ്ട് തീയണച്ചു. നാടിനെ രക്ഷിച്ച പാപ്പനെയും പിള്ളേരെയും ആദരിക്കാൻ ഒരുങ്ങുകയാണ് ഈ മലയോര ഗ്രാമം.

കോടഞ്ചേരിയിലെ റോയൽ ഫ്രണ്ട്സ് ക്ലബ്ബിന്റെ എല്ലാമെല്ലാമാണ് ഷാജി പാപ്പനും 14 പിള്ളേരും. ജയസൂര്യയുടെ 'ആട്' സിനിമ ഇറങ്ങിയതോടെയാണ് ഷാജി വർഗീസിന് കൂട്ടുകാർ 'പാപ്പൻ" പദവി ചാർത്തിയത്. നാട്ടിലെവിടെയും സഹായികളായി വിളിക്കാതെ എത്തുന്നതാണ് ഷാജി പാപ്പന്റെയും പിള്ളേരുടെയും ശീലം.
രണ്ടു വർഷം മുമ്പ് കോടഞ്ചേരി - താമശ്ശേരി റൂട്ടിൽ കൊല്ലിയിലേക്ക് മറിഞ്ഞ നാനോ കാർ പൊക്കിയെടുത്ത ഓപ്പറേഷനാണ് പാപ്പൻ സംഘത്തെ പ്രശസ്തമാക്കിയത്. അർദ്ധരാത്രി ഷാജി പാപ്പനു വിളി വന്നു. ഉടൻ പിള്ളേരു സെറ്റുമായി പാഞ്ഞെത്തി. അൻപതടിയോളം താഴ്ചയിൽ കാർ ഒരു കവുങ്ങിൽ തടഞ്ഞുനിൽക്കുന്നു. ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും പാപ്പനും സംഘവും സാഹസികമായി കാർ പുറത്തെത്തിച്ചിരുന്നു. കാറോടിച്ചയാളെയും രക്ഷിച്ചു.

കോടഞ്ചേരി കാഞ്ഞിരപ്പാറയിലാണ് ഷാജി പാപ്പന്റെ താമസം. വീട്ടിൽ ഭാര്യ ക്വീനും മൂന്നു കുട്ടികളും. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീട് വലിയ വായ്പയെടുത്ത് ഒരു സ്‌കൂൾ ബസെടുത്തു. കൊവിഡ് എല്ലാം തകർത്തപ്പോൾ ബസ് ആക്രിവിലയ്ക്ക് വിറ്റു. ഇപ്പോൾ വർക്ക് ഷോപ്പിൽ വെൽഡറാണ്.

മറ്റൊന്നും ഓർത്തില്ല...

ബൈക്കിൽ അങ്ങാടിയിലൂടെ പോകുമ്പോഴാണ് വൈക്കോൽ ലോറിക്ക് തീപ്പിടിച്ചതു കണ്ടത്. വണ്ടി സൈഡാക്കി പിള്ളേരെ വിളിച്ചു. തീ ആളിക്കത്തി. ഡീസൽ ടാങ്ക് പൊട്ടിയാൽ അങ്ങാടി കത്തും. പൊലീസിനോടു കാര്യം പറഞ്ഞ് വണ്ടിയിലേക്ക് ചാടിക്കയറി. കാബിനിൽ പുകയും തീച്ചൂടും. ശ്വാസം മുട്ടി. മറ്റൊന്നും ഓർത്തില്ല. സ്കൂൾ ഗ്രൗണ്ടിൽ വട്ടംചുറ്റി ഓടിക്കുന്നതിനിടെ എല്ലാവരും കൂടി തീകെടുത്തി. വണ്ടി ഉടമയായ പാലക്കാട്ടുകാരൻ നേരിട്ടെത്തി നന്ദി അറിയിച്ചു. സന്തോഷമുണ്ട്, ഒരുപാട്...ഷാജി പാപ്പൻ പറഞ്ഞു...