സുൽത്താൻ ബത്തേരി: കോടികൾ വിലമതിക്കുന്ന വനഭൂമി വിട്ടുനൽകാൻ സുപ്രീം കോടതി വിധിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കേസുമായി ബന്ധപ്പെട്ട് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്നു നഷ്ടപ്പെട്ട പത്ത് വാള്യം ഫയലുകൾ വീണ്ടെടുക്കണമെന്നും ഫയലുകൾ നഷ്ടപ്പെട്ടത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് സമിതി വനം പ്രിൻസിപ്പൽ സെക്രട്ടറി, ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്സ്, പാലക്കാട് ഫോറസ്റ്റ് കസ്റ്റോഡിയൻ, ഫോറസ്റ്റ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ കൺസർവേറ്റർ, സൗത്ത് വയനാട് ഡി.എഫ്. എന്നിവർക്ക് കത്തയച്ചു.

ഫോറസ്റ്റ് ട്രിബൂണലിലും ഹൈക്കോടതിയിലും കേസ്സ് നിലനിൽക്കുന്നതിനിടയിലാണ് കേസ്സുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്നു നഷ്ടപ്പെട്ടത്. ഇത് ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഫയൽ നഷ്ടപ്പെട്ടതും കേസ്സിൽ തോറ്റതും ഗൂഢാലോചനയുടെ ഫലമാണ്.

ഫയലുകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുത്ത് ഹൈക്കോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകണമെന്നും അതുവരെ വനഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രകൃതി സംരക്ഷണ സമിതിയോഗം ആവശ്യപ്പെട്ടു. എൻ.ബാദുഷ അദ്ധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എം.ഗംഗാധരൻ, ബഷീർ ആനന്ദ് ജോൺ എന്നിവർ പ്രസംഗിച്ചു.