കൽപ്പറ്റ: ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബി ഫാമിന് പഠിക്കുന്ന വിദ്യാർത്ഥിനിക്ക് നിഷേധിച്ച വിദ്യാഭ്യാസ സഹായം അനുവദിച്ചതായി കേരള ഗ്രാമീൺ ബാങ്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തന്റെ പിതാവിന് വായ്പയെടുക്കാൻ യോഗ്യത നിശ്ചയിക്കുന്ന സിബിൽ സ്‌കോർ കുറഞ്ഞതു കാരണം തനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചെന്ന ബത്തേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് ബാങ്കിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.
വിദ്യാർത്ഥിനിയുടെ പിതാവിന് മറ്റ് ബാങ്കുകളിൽ വായ്പാ കുടിശിക ഉണ്ടായിരുന്നതായി കേരള ഗ്രാമീൺ ബാങ്ക് അമ്പലവയൽ ശാഖാമാനേജർ കമ്മീഷനെ അറിയിച്ചു. തുടർന്ന് പരാതിക്കാർ എസ്ബിഐ യിലുണ്ടായിരുന്ന വായ്പ തീർത്ത് രേഖകൾ സമർപ്പിച്ചു. ഇതിനിടെ തനിക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാത്തതിനെതിരെ വിദ്യാർത്ഥിനി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
വിദ്യാർത്ഥിനിക്ക് 3 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായി ബാങ്ക് അറിയിച്ചു. ഇതിന്റെ ഒന്നാം ഗഡു വിദ്യാത്ഥിനി കൈപ്പറ്റി. കൽപ്പറ്റയിൽ നടന്ന സിറ്റിംഗിൽ ഹാജരായ വിദ്യാർത്ഥിനി തനിക്ക് വായ്പ അനുവദിച്ചതായി കമ്മീഷനെ അറിയിച്ചു.